മാടായിക്കോണം: കോന്തിപുലം പാലത്തിന് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച തടയിണ പൂര്‍ണ്ണമായും പൊളിച്ച് മണ്ണ് നീക്കാത്തതുമൂലം വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുന്നു. എല്ലാ വര്‍ഷവും കൃഷിക്ക് ആവശ്യമായ വെള്ളം തടഞ്ഞ് നിര്‍ത്തുന്നതിനായി പണിയുന്ന തടയണയാണ് ഇനിയും പൂര്‍ണ്ണമായും മണ്ണ് നീക്കാതെ ഇട്ടിരിക്കുന്നത്. തടയണയുടെ സ്ഥലത്ത് പെങ്ങി നില്‍ക്കുന്ന മണ്ണില്‍ പുല്ലുകള്‍ നിറഞ്ഞ അവസ്ഥയിലാണ്. കൊയ്ത്തുസമയത്ത് ന്യൂനമര്‍ദ്ദത്തില്‍ മഴ പെയ്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ തടയണ പൊളിച്ചത്. എന്നാല്‍ പൂര്‍ണ്ണമായും അത് നീക്കം ചെയ്തിരുന്നില്ല. കാലവര്‍ഷം സജീവമായതോടെ പറപ്പൂക്കര, തൊമ്മാന ഭാഗങ്ങളില്‍ നിന്നും കനാലിലൂടെ ഒഴുകി വരുന്ന വെള്ളം കോന്തിപുലം ബണ്ടില്‍ വന്ന് തടയുകയാണ്. താഴ്ത്തി മണ്ണ് നീക്കം ചെയ്യാത്തതിനാല്‍ പാടശേഖരങ്ങളില്‍ കയറി കിടക്കുന്ന വെള്ളം പോകാന്‍ വഴിയില്ല. കെട്ടിന്റെ മണ്ണ് പൂര്‍ണ്ണമായും നീക്കി വെള്ളത്തിന്റെ നീരൊഴുക്ക് പുനസ്ഥാപിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു. മാത്രമല്ല, കൃഷിയിറക്കാന്‍ കാലതാമസത്തിന് ഇടയാക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. പൂര്‍ണ്ണമായും മണ്ണ് നീക്കം ചെയ്യാന്‍ മടിക്കുന്നത് വരും വര്‍ഷങ്ങളില്‍ കെട്ടുന്ന കരാറുകാരന് സൗകര്യമൊരുക്കുന്നതിനായിട്ടാണെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. ഇവിടെ സ്ഥിരം തടയണ നിര്‍മ്മിക്കണമെന്ന് കാലങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെടുന്നതാണ്. കൃഷി ആവശ്യത്തിന് വെള്ളം സംഭരിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് ലക്ഷങ്ങള്‍ ചിലവഴിച്ചാണ് ഓരോ വര്‍ഷവും കെ.എല്‍.ഡി.സി. കനാലില്‍ താല്‍ക്കാലിക തടയിണ നിര്‍മ്മിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവടങ്ങളിലായുള്ള 4500 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്ക് ജലസേചനത്തിനായി വെള്ളം സംഭരിക്കുന്നതിനായിട്ടാണ് തടയിണ നിര്‍മ്മിക്കുന്നത്. എന്നാല്‍ തടയണ പൊട്ടുന്നത് സ്ഥിരം സംഭവമാണ്. താല്‍ക്കാലിക സംവിധാനം മാറ്റി സ്ഥിരം സംവിധാനം ഒരുക്കിയെങ്കില്‍ മാത്രമെ ഇതിന് ശാശ്വതമായ പരിഹാരമാകുകയൊള്ളൂവെന്നും കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ താല്‍ക്കാലിക തടയണ പൊട്ടിയ സമയത്ത് മുന്‍ എം.എല്‍.എ. സ്ഥിരം സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെയായിട്ടും യാതൊരുനടപടികളും ഉണ്ടായിട്ടില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.