ഇരിങ്ങാലക്കുട: പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന പ്ലാസ്റ്റിക് ഗ്രോബാഗുകളുടെ അതിപ്രസരം തടയുക എന്ന ലക്ഷ്യം മുൻനിർത്തി കുളവാഴ ഉപയോഗിച്ചുകൊണ്ടുള്ള ഗ്രോബാഗ് നിർമാണം,മറ്റ് അസംസ്കൃത വസ്തുക്കളുടെ നിർമ്മാണം എന്നീ പുത്തൻ ആശയങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം. ആലപ്പുഴ എസ് ഡി കോളേജിലെ അസോസിയേറ്റ് പ്രൊഫസറും സെന്റർ ഫോർ റിസർച്ച് ഓൺ അക്വാട്ടിക് റിസോഴ്സസ്പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ജി.നാഗേന്ദ്ര പ്രഭുവിന്റെ നേതൃത്വത്തിലുള്ള ‘ഐകോടെക്’ എന്ന സ്റ്റുഡൻസ് സ്റ്റാർട്ടപ്പുമായി സഹകരിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.ഇതിന്റെഭാഗമായി ഇരു കോളേജുകളും തമ്മിലുള്ള ഉടമ്പടി കരാർ (മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് ഒപ്പുവച്ചിട്ടുണ്ട്). ഇരിങ്ങാലക്കുട മേഖലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ഉദ്യമത്തിൽ പങ്കു ചേരാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കുളവാഴ ശല്യം ഒരു പരിധിവരെ ഇല്ലാതാക്കാൻ ആകും എന്നു മാത്രമല്ല വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ ലഭ്യത കൂടി ഉറപ്പു നൽകുന്നു.