ഇരിങ്ങാലക്കുട: സ്വച്ഛമായ പ്രകൃതിക്കുമേലെ അധിനിവേശ സാധ്യതകൾ തുറന്നിട്ട് ഭൂപരിവർത്തനത്തിനും വാണിജ്യവൽക്കരണത്തിനുമുള്ള നീക്കങ്ങളാണ് ലക്ഷദ്വീപിൽ ഇപ്പോൾ നടക്കുന്നതെന്നും ബഹുരാഷ്ട്ര കുത്തകകൾക്ക് ദ്വീപ് സമൂഹത്തെ അടിയറ വെക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഈ കുത്സിത നീക്കത്തിനെതിരെ ദ്വീപ് നിവാസികൾ നടത്തുന്ന ചെറുത്തു നില്പിന് കേരളം ഒന്നാകെ ഐക്യദാർഢ്യവുമായി രംഗത്തുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ് 30 മുതൽ ജൂൺ 15 വരെ ഓൺലൈനായി നടക്കുന്ന ലക്ഷദ്വീപ് സർഗ്ഗ പ്രതിഷേധ പരിപാടി ആദ്യ പോസ്റ്റിട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രൊഫ. ബിന്ദു. ചടങ്ങിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. ഡോ.കെ.രാജേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ.കെ.സച്ചിദാനന്ദൻ, വൈശാഖൻ, അശോകൻ ചരുവിൽ, ഖദീജ മുംതാസ്, പി.പി.രാമചന്ദ്രൻ, രേണു രാമനാഥൻ എന്നിവർ ആദ്യ ദിനത്തിൽ പങ്കാളികളായി സംസാരിച്ചു.