മുരിയാട്: കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് ഏറ്റെടുക്കാന്‍ മില്ലുകാര്‍ എത്താതായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. മുരിയാട് മേഖലയിലെ പാടശേഖരങ്ങളിലാണ് ഈ ദുരസ്ഥ. നെല്ല് ഏറ്റെടുക്കുന്നത് മില്ലുകാര്‍ നിറുത്തിവെച്ചതാണ് പ്രതിസന്ധിക്ക് കാരണം. കൊയ്തുവെച്ച നെല്ല് ഉണക്കി ചാക്കിലാക്കി കെട്ടിവെച്ച് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കൊണ്ടുപോകാന്‍ വണ്ടി വരുന്നതും കാത്തിരിക്കുകയാണ് കര്‍ഷകര്‍. വണ്ടിവരുമെന്ന് പറയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും ഇപ്പോള്‍ വിളിക്കുമ്പോള്‍ ഏജന്റുമാര്‍ ഫോണെടുക്കുന്നില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. മുരിയാട് കോള്‍ മേഖലയിലെ നൂറേക്കറോളം വരുന്ന പാടശേഖരങ്ങളില്‍ നിന്നും കൊയ്‌തെടുത്ത നെല്ലാണ് പല സ്ഥലങ്ങളിലായി കെട്ടികിടക്കുന്നത്. മുരിയാട് ആനന്ദപുരം മേഖലയിലെ മൂരി കോള്‍പടവ്, മുരിയാട് പടവ്, കല്ലേരികടവ്, ഗ്രാമശ്രി, ഹരിതശ്രി തുടങ്ങിയ പടവുകളില്‍ പകുതി കൊയ്ത്ത് കഴിഞ്ഞെങ്കിലും ബാക്കി കൊയ്യാതെ ഇട്ടിരിക്കുകയാണ്. മുരിയാട് കായല്‍ മേഖലയില്‍ 250 ഏക്കറോളം പാടശേഖരങ്ങളില്‍ ഇനിയും കൊയ്യാനുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. നെല്ല് കൊണ്ടുപോകാത്തതിനാല്‍ കര്‍ഷകര്‍ ബാക്കി കൊയ്യാന്‍ മടിക്കുകയാണ്. മാത്രമല്ല, ചാക്കിലാക്കി വെച്ചിരിക്കുന്ന നെല്ല് കയറ്റിപോയെങ്കില്‍ മാത്രമെ ടാര്‍പാളയും സ്ഥലവും ഉപയോഗിക്കാന്‍ പറ്റു. മാപ്രാണം നമ്പ്യാങ്കാവ് ക്ഷേത്രത്തിന് മുന്നിലുള്ള സ്ഥലത്ത് പത്തിലേറെ കര്‍ഷകരാണ് നെല്ല് ഉണക്കി കൂട്ടിയിട്ടിരിക്കുന്നത്. നെല്ല് കയറ്റി പോകാതെ കെട്ടികിടന്നാല്‍ പിന്നീട് മില്ലുകാര്‍ കൊണ്ടുപോകുമ്പോള്‍ അതിന് കിഴിവ് ആവശ്യപ്പെടുമെന്നും ഇത് കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. മൂടികെട്ടിനില്‍ക്കുന്ന കാലാവസ്ഥയിലും കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. മഴ വന്നാല്‍ അത് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും നെല്ല് ഏറ്റെടുക്കാന്‍ നടപടി ഉണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.