Home NEWS ഒരു സ്ഥലം മുന്നില്‍ കണ്ട് അണിയറയില്‍ തയ്യാറാകുന്നത് മൂന്ന് പദ്ധതികള്‍

ഒരു സ്ഥലം മുന്നില്‍ കണ്ട് അണിയറയില്‍ തയ്യാറാകുന്നത് മൂന്ന് പദ്ധതികള്‍

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് വടക്കുഭാഗത്തായി ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥലം മുന്നില്‍ കണ്ടാണ് പദ്ധതികള്‍ ഒരുങ്ങുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാറിന്റെ എട്ടുകോടിയുടെ കുടുംബശ്രി ഹൈപ്പര്‍ മാര്‍ക്കറ്റ്, ജില്ലാ പഞ്ചായത്തിന്റെ തന്നെ പദ്ധതിയായ ഷീ ലോഡ്ജ്, ഇരിങ്ങാലക്കുട നഗരസഭയുടെ ബസ് സ്റ്റാന്റ് വികസനം എന്നിങ്ങനെയാണ് പദ്ധതികള്‍. നിലവില്‍ ഈ സ്ഥലത്ത് ടെക്കനിക്കല്‍ എജ്യുക്കേഷന്‍ വകുപ്പിന്റെ വനിതകള്‍ക്കായുള്ള ഫാഷന്‍ ടെക്കനോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുണ്ടായിരുന്ന സ്ഥാപനങ്ങള്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെക്കനിക്കല്‍ സ്‌കൂള്‍ ജില്ലാ പഞ്ചായത്തിന് ലഭിച്ചത്. ജില്ലാ പഞ്ചായത്താണ് ഈ സ്ഥലത്ത് ഷീ ലോഡ്ജ് നിര്‍മ്മിക്കാന്‍ ആദ്യം പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി ബജറ്റില്‍ 65 ലക്ഷം വകയിരുത്തുകയും ചെയ്തു. പിന്നീട് പദ്ധതിക്കായി കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥലത്ത് കുടുംബശ്രിയുടെ കീഴില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് നിര്‍മ്മിക്കാന്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി ബജറ്റില്‍ എട്ടുകോടി വകയിരുത്തുകയും ചെയ്തു. മൂന്നുനിലകളിലായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഈ ഹൈപ്പര്‍മാര്‍ക്കറ്റില്‍ തീയറ്റര്‍ സമുച്ചയം, ഷീ ലോഡ്ജ്, ഹോട്ടല്‍, വനിതകള്‍ക്കുള്ള ജിംനാസ്റ്റിക്, ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനിങ്ങ് കോളേജ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയുടെ പ്രോജക്റ്റ് വര്‍ക്ക് അവസാനഘട്ടത്തിലാണ്. അതോടെ ജില്ലാ പഞ്ചായത്ത് ഷീ ലോഡ്ജ് നിര്‍മ്മിക്കാനുള്ള പദ്ധതി നിറുത്തിവെച്ചു. ഇതിനിടയിലാണ് സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് വികസനത്തിനായി ഈ സ്ഥലം ഉപയോഗപ്പെടുത്താന്‍ നഗരസഭ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്തുമായി നേരത്തെ പല ചര്‍ച്ചകളും നടത്തിയെങ്കിലും തീരുമാനമായില്ല. 2020-21 ബജറ്റില്‍ ഇരിങ്ങാലക്കുട നഗരസഭ ബസ് സ്റ്റാന്റ് വികസനത്തിനായി ഈ സ്ഥലം ഉപയോഗപ്പെടുത്തികൊണ്ടുള്ള പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വടക്കുഭാഗത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച് എം.എല്‍.എ. ഓഫീസ് അടക്കമിരിക്കുന്ന ബസ് സ്റ്റാന്റിലെ പഴയ കെട്ടിടം പൊളിച്ച് വികസനം നടപ്പിലാക്കാനാണ് നഗരസഭ ആലോചിക്കുന്നത്.

Exit mobile version