എടക്കുളം: പൂമംഗലം- പടിയൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശത്ത് ഷണ്‍മുഖം കനാലിന്റെ പാര്‍ശ്വഭിത്തി മൂന്നിടത്തായി ഇടിഞ്ഞുതാഴ്ന്നത് മണ്ണിന്റെ ഉറപ്പില്ലായ്മമൂലമാണെന്ന് ഇറിഗേഷന്‍ വകുപ്പ്. പൊതുപ്രവര്‍ത്തകനായ ഷിയാസ് പാളയംകോട് നല്‍കിയ പരാതിയില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറാണ് ഇക്കാര്യം രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്നാരംഭിച്ച് പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലൂടെ കടന്ന് പടിഞ്ഞാറ് കനോലി കനാലില്‍ അവസാനിക്കുന്നതാണ് പ്രസിദ്ധമായ ഷണ്‍മുഖം കനാല്‍. ഇതില്‍ പൂമംഗലം ഒന്നാംവാര്‍ഡില്‍ ഉള്‍പ്പെട്ട ഭാഗത്ത് വടക്കെ ബണ്ടിന്റെ സംരക്ഷണഭിത്തിയാണ് 2020 ഫെബ്രുവരി 12ന് മൂന്നിടത്തായി ഇടിഞ്ഞ് താഴ്ന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിടുമ്പോഴേയ്ക്കായിരുന്നു മൂന്നിടത്തായി താഴേയ്ക്കിടിഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പടിയൂര്‍- പൂമംഗലം പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ഥലത്ത് കൊടികുത്തുകയും ചെയ്തിരുന്നു. കനാലിന്റെ താഴത്തെ ചെളിമണ്ണ് നീക്കം ചെയ്യാതെ സംരക്ഷണഭിത്തി നിര്‍മ്മിച്ചതുകൊണ്ടാണ് അരികുകള്‍ ഇടിയുന്നതെന്നായിരുന്നു ബി.ജെ.പി. ആരോപിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയിലുള്‍പെടുത്തി 2017 മുതലാണ് എഴുകോടി രൂപ ചിലവഴിച്ച് ഏഴ് കിലോമീറ്ററോളം നീളത്തിലുള്ള ഷണ്‍മുഖം കനാല്‍ നവീകരിക്കുന്നപ്രവര്‍ത്തികള്‍ ആരംഭിച്ചത്. കനാലിന്റെ ഇരുവശത്തും സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് ചെളി നീക്കി ആഴംകൂട്ടുന്ന പ്രവര്‍ത്തികള്‍ക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. അഡീഷ്ണല്‍ ഇറിഗേഷന്‍ വകുപ്പിന്റെ ചുമതലയിലാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുന്നത്. ഫൗണ്ടേഷന്‍ വര്‍ക്ക് നടക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞ് അരികിടിഞ്ഞുപോയത്. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയും സ്ഥല പരിശോധനയ്ക്കുകയും മണ്ണ് പരിശോധനയ്ക്കും ശേഷം ഈ ഭാഗത്ത് പ്രവര്‍ത്തികള്‍ പുനരാരംഭിക്കുവാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2021 ജനുവരിയില്‍ മണ്ണിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കെ.ഇ.ആര്‍.ഐ. പീച്ചിയില്‍ പരിശോധനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സംരക്ഷണ ഭിത്തിയുടെ പുനര്‍ നിര്‍മ്മാണത്തിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് മുമ്പെ മണ്ണ് പരിശോധന നടത്താതിരുന്നതാണ് ചെളി നീക്കിയപ്പോള്‍ തകരാന്‍ കാരണമായതെന്ന് ഷിയാസ് പറഞ്ഞു. ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും ഇതിനെതിരെ വിജിലന്‍സ് കോടതിയെ സമീപിക്കുമെന്നും ഷിയാസ് പാളയംകോട് പറഞ്ഞു.