Home NEWS ഫാ. ജോസ് തെക്കൻ പുരസ്‌കാരം ഡോ. ജിജിമോൻ കെ തോമസിന്

ഫാ. ജോസ് തെക്കൻ പുരസ്‌കാരം ഡോ. ജിജിമോൻ കെ തോമസിന്

ഇരിങ്ങാലക്കുട:മൂന്നാമത് ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരത്തിന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഫിസിക്സ് വിഭാഗം അധ്യാപകനായ ഡോ. ജിജിമോൻ കെ. തോമസ് അർഹനായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ആയിരിക്കെ അന്തരിച്ച ഫാ. ഡോ. ജോസ് തെക്കന്റെ സ്മരണാർത്ഥം കോളേജ് ഏർപ്പെടുത്തിയതാണ് സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകനുള്ള പുരസ്‌കാരം. അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഐ. എസ്. ആർ. ഒ. മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ, പ്രശസ്ത കവി പ്രൊഫ. കെ. സച്ചിദാനന്ദൻ, കേരള കലാമണ്ഡലം വി സി ഡോ. ടി കെ നാരായണൻ, കേരള പ്രിൻസിപ്പൽസ് കൗൺസിൽ മുൻ പ്രസിഡന്റ് ഡോ. പി ഉസ്മാൻ, ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് കുരിശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.ഡോ. ജിജിമോൻ കെ തോമസ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഫിസിക്സ് അധ്യാപകനും വകുപ്പ് മേധാവിയുമാണ്. 27 വർഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഹം പന്ത്രണ്ടോളം ഗവേഷകർക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്. നിരവധി ദേശീയ അന്തർദേശീയ ജേർണലുകളിൽ 118 ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. ജിജിമോൻ കെ തോമസിനുള്ള ഈ പുരസ്‌കാരം അധ്യാപന രംഗത്തെ നൂതന പരിഷ്കരണങ്ങൾക്കും സമൂഹ നന്മക്കുപകരിക്കുന്ന ഗവേഷണങ്ങൾക്കും പ്രചോദനമേകുമെന്ന് അവാർഡ് ജൂറി അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച ക്രൈസ്റ്റ് കോളേജിൽ വച്ചു നടത്തപ്പെടുന്ന ചടങ്ങിൽ വച്ച് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം. കെ. ജയരാജ് പുരസ്‌കാരം സമ്മാനിക്കും.

Exit mobile version