കാട്ടൂർ : സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്താണ് അവിശ്വാസപ്രമേയത്തിലൂടെ പുറത്തായത്. വെള്ളാങ്ങല്ലൂർ യൂണിറ്റ് ഇൻസ്‌പെക്ടർ പി.എസ്. രശ്മിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒന്നിനെതിരേ എട്ട് വോട്ടുകൾക്കാണ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസപ്രമേയം പാസായത്.പതിമൂന്നംഗ ഭരണസമിതിയിൽ ഒമ്പതംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിൽ എട്ടുപേർ അവിശ്വാസത്തെ അനുകൂലിച്ച് വോട്ടുചെയ്തപ്പോൾ പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് മാത്രമാണ് എതിർത്തത്. നാലംഗങ്ങൾ യോഗത്തിൽനിന്നും വിട്ടുനിന്നു. ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഭരണസമിതിയംഗങ്ങളെ പ്രസിഡന്റ് വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എട്ട് അംഗങ്ങളാണ് സഹകരണ വകുപ്പിന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.ഭരണസമിതിയംഗങ്ങളായ എം.ജെ. റാഫി, ജോമോൻ വലിയവീട്ടിൽ, എം.ഐ. അഷ്‌റഫ്, കിരൺ ഒറ്റാലി, സുലഭ മനോജ്, ആന്റോ ജി. ആലപ്പാട്ട്, കെ.കെ. സതീശൻ, മധുജ ഹരിദാസ് എന്നിവരാണ് അവിശ്വാസപ്രമേയത്തെ അനുകൂലിച്ചത്. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.വി. അബ്ദുൾ ഖാദർ, ഭരണസമിതിയംഗങ്ങളായ ജൂലിയ ആന്റണി, സദാനന്ദൻ തളിയപറമ്പിൽ, പ്രമീള അശോകൻ എന്നിവർ യോഗത്തിൽ നിന്നും വിട്ടുനിന്നു.2019-ലാണ് രാജലക്ഷ്മി കുറുമാത്ത് പ്രസിഡന്റായി ചുമതലയേറ്റത്. ഒരു വർഷം മുമ്പും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി പാർട്ടിനേതൃത്വം ഇടപെട്ട് അംഗങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു.