കാട്ടൂർ:കല്ലേറ്റുംകരയിൽ തൊഴിൽ തേടിയെത്തിയ കൽക്കത്ത സ്വദേശികളായ അന്യദേശ തൊഴിലാളികളെ തട്ടിപ്പിന് ഇരയാക്കി മലയാളി.കൽക്കത്തയിലെ സ്ഥിരം താമസാക്കാരായ ലക്ഷ്മൻ, അജിത് എന്നിവരാണ് തട്ടിപ്പിനിരയായത്.കാട്ടൂർ പൊഞ്ഞനത്താണ് സംഭവം.കല്ലേറ്റുംകര റയിൽവേ സ്റ്റേഷന് സമീപം രാവിലെ തൊഴിൽ അന്വേഷിച്ചു നിൽക്കുകയായിരുന്നു ഇരുവരും.ബൈക്കിലെത്തിയ മലയാളിയാണ് ഇവർക്ക് തൊഴിൽ നൽകാം എന്ന് പറഞ്ഞു തട്ടിപ്പിന് ഇരയാക്കിയത്. അതിനായി പ്രത്യേകം പദ്ധതി തയ്യാറാക്കിയായിരുന്നു തട്ടിപ്പ്.കല്ലേറ്റുംകരയിൽ നിന്നും കാട്ടൂർ പൊഞ്ഞനം അമ്പലത്തിന് സമീപത്ത് എത്തിയ ഇവരോട് മരുന്നിന്റെ ആവശ്യത്തിനായി പേരാലിന്റെ കൂമ്പ് പറിച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് ഇവരുടെ വസ്ത്രം മാറുകയും കൈവശം ഉണ്ടായിരുന്ന രണ്ട് ഫോണുകൾ,6000 രൂപ എന്നിവ സമീപത്ത് കവറിൽ പൊതിഞ്ഞു വെക്കുകയും ചെയ്തതിന് ശേഷം ആലിന്റെ മുകളിലേക്ക് കയറുകയായിരുന്നു.ഈ സമയം താഴെ ഉണ്ടായിരുന്ന പ്രതി ഈ കവറുമായി കടന്നു കളയുകയായിരുന്നു.തുടർന്ന് വഴിയിൽ പെട്ട ഇവരെ വാർഡ് മെമ്പർ അനീഷിന്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകരായ ഉദയൻ അയിനിക്കാട്, ടി.വി വിജീഷ് എന്നിവർ ചേർന്ന് അവർക്ക് വേണ്ട ഭക്ഷണം വേടിച്ചു നൽകി തുടർന്ന് കാട്ടൂർ പോലീസിൽ പരാതി നൽകി.തളിയപ്പാടത് പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ കേറിയിട്ടുണ്ട് എന്ന് ഇവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് പമ്പിലേയും പൊതു ഇടങ്ങളിലെയും ക്യാമറകൾ പരിശോധിച്ചു വരുന്നു.