തൃശൂർ: കേരളത്തിലെ ഏറ്റവും വലിയ വിർച്വൽ യുവജനോത്സവത്തിന് സമാപനമായി. കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന പതിനഞ്ച് ദിവസത്തോളം നീണ്ടു നിന്ന പരിപാടിയിൽ, മൂന്ന് കാറ്റഗറികളിലായി നൂറ്റമ്പതോളം ആളുകളിൽ ആയിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്തു.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണോമസ്) കോളേജിൽ നടന്ന ചടങ്ങിൽ വിജയികൾക്കുള്ള അവാർഡ് ദാനവും, അനുമോദനചടങ്ങും നിർവഹിച്ചു. ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ ഉദ്ഘാടനം നിർവഹിച്ചു.ഗിന്നസ് സുധീർ, യുവനടി അനഘ അജിത്, സൂപ്പർ സിങ്ങർ ഫൈനലിസ്റ്റ് കുമാരി ദൃശ്യ പി. എസ് എന്നിവർ വിശിഷ്ടാതിഥികളായി എത്തിയിരുന്നു. ഡോ. സിസ്റ്റർ ആശ( സെന്റ് ജോസഫ് കോളേജ് പ്രൻസിപ്പൽ), ഇന്ദ്രജിത് കെ പി (കൈറ്റ്സ് തൃശൂർ ജില്ലാ കോഡിനേറ്റർ), ഗ്രാംഷി ഇ. ഡി (കൈറ്റ്സ് തൃശൂർ ജില്ലാ കോഡിനേറ്റർ), ഷെഹാന റാണി (കൈറ്റ്സ് സംസ്ഥാന പ്രസിഡന്റ്), എഡ്വിൻ ജോസ് (കൈറ്റ്സ് സംസ്ഥാന സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.കൈറ്റ്സ് ഫൗണ്ടേഷൻ എന്ന എൻ.ജി.ഓ അടിസ്ഥാന സൗകര്യ വികസനം, കലാ-സംസ്കാരികം, പ്രകൃതി സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ടൂറിസം തുടങ്ങി നിരവധി മേഖലകളിൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി വിലപ്പെട്ട സേവനം അനുഷ്ഠിച്ചുവരുന്നു.