മുരിയാട് :ഗ്രാമപഞ്ചായത്ത് 2021-2022 വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് വൈസ് പ്രസിഡണ്ട് ഷീലജയരാജ് അവതരിപ്പിച്ചു. സ്‌ററാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി.പ്രശാന്ത് , രതിഗോപി, കെ.യു .വിജയന്, പഞ്ചായത്തംഗം തോമസ് തൊകലത്ത്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ചര്‍ച്ചയില്‍ ഉയര്‍ന്ന വന്ന ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി 229853849/-രൂപ ( ഇരുപത്തിരണ്ടു കോടി തൊണ്ണൂറ്റിയെട്ടു ലക്ഷത്തി അമ്പത്തിമൂവായിരത്തിഎണ്ണൂറ്റിനാല്പത്തൊമ്പത്) രൂപ വരവും 225962000/-രൂപ ( ഇരുപത്തിരണ്ടു കോടി അമ്പത്തൊമ്പതു ലക്ഷത്തി അറുപത്തിരണ്ടായിരംരൂപ) ചെലവും 3891849/-രൂപ(മുപ്പത്തെട്ട് ലക്ഷത്തിതൊണ്ണൂറ്റൊന്നായിരത്തി എണ്ണൂറ്റിനാല്പത്തൊമ്പത് രൂപ) നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിന് ഭരണസമിതി അംഗീകാരം നല്‍കി.കാര്‍ഷിക മേഖലയില്‍ തെങ്ങുകൃഷിവികസനത്തിനുവേണ്ടി ‘ കേരനാട് മുരിയാട്’ പദ്ധതിക്കും നെല്‍കൃഷിവികസനം പച്ചക്കറികൃഷിവികസം തുടങ്ങിയ വിവിധ പദ്ധതികള്‍ക്കുവേണ്ടി ഉല്പാദനമേഖലയില്‍ ആകെ 1 കോടി 61 ലക്ഷം രൂപ വകയിരുകത്തിയിട്ടുണ്ട്.ലൈഫ് മിഷന്‍ പദ്ധതിക്കുവേണ്ടി 3 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.വിവിധ കുടിവെള്ള പദ്ധതികള്‍ക്ക് 75ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വാര്‍ഡു തോറും ഗ്രാമകേന്ദ്രങ്ങള്, കളിസ്ഥലം, പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനത്തിനുവേണ്ടി ‘ഷീ- കാന്’ പദ്ധതി,നീന്തല്‍ പരിശീലനത്തിനുവേണ്ടി ‘അയനം”, പി.എസ്.സി – സിവില്‍ സര്‍വ്വീസ് പരിശീലനത്തിനുവേണ്ടി ‘ഉയരെ’ ആധുനികരീതിയിലുള്ള വഴിയോരവിശ്രമകേന്ദ്രം ,കുടുംബശ്രീ ഉല്പന്നങ്ങളുടെ ശേഖരണത്തിനും വിതരണത്തിനും വേണ്ടിയുള്ള പദ്ധതികള്‍ എന്നി ബജറ്റില് ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആനന്ദപുരം ജി. യു .പി സ്‌കൂള്‍ വികസനത്തിനു വേണ്ടിയും ലൈബ്രറികളുടെ ആധുനികവത്കരണത്തിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വികസനമേഖലയില്‍ ആകെ 1കോടി 14 ലക്ഷം രൂപയുടെ പദ്ധതികള് ആവിഷ്‌കരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ്, ഫര്‍ണീച്ചര് , യുവതികള്‍ക്ക് വിവാഹ ധനസഹായം, വാട്ടര്‍ടാങ്ക്, വയോജനങ്ങള്‍ക്ക് കട്ടില്‍ തുടങ്ങിയ പദ്ധതികള്ക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.