ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലേ ഏറെ പ്രാധാന്യമുള്ള ഠാണാ ചന്തക്കുന്നു റോഡ് വികസനത്തിന്റെ നിർമ്മാണോദ്ഘാടനം പ്രൊഫ. കെ. യു അരുണൻ എം. എൽ എ നിർവഹിച്ചു. പ്രസ്തുത റോഡ് വികസനത്തിനായി 2020 — 21 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 32 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തിക്കു വേണ്ടി എൽ. എ. നടപടികൾ പൂർത്തിയാക്കുന്നതിനായി സാങ്കേതിക അനുമതിയും ലഭ്യമായിട്ടുണ്ട്. കൂടാതെ ആക്കുസേഷൻ നടത്തിപ്പിനായി 15 ലക്ഷം രൂപയുടെ ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്.കൊടുങ്ങല്ലൂർ –ഷൊർണൂർ സംസ്‌ഥാന പാതയിൽ നിലവിൽ 11 മീറ്റർ വീതി മാത്രമുള്ള ഠാണാ ചന്തക്കുന്ന് റോഡ് 17 മീറ്റർ വീതിയിലാക്കി ബി. എം. ബി. സി. നിലവാരത്തിൽ മെക്കാഡം ടാറിങ് നടത്തിയാണ് വികസിപ്പിക്കുന്നത്. വികസനത്തിനായി ഏകദേശം 160 സെന്റ് സ്‌ഥലമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഇതിനായുള്ള സർവ്വേ നടപടികളെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു. പ്രസ്തുത 17 മീറ്റർ വീതിയിൽ 13.8 മീറ്റർ വീതിയിൽ റോഡും ബാക്കി 3.2 മീറ്റർ വീതിയിൽ നടപ്പാതകളോട് കൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. ഇതിന് പുറമെ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈൻ മാർക്കിങ്ങ്, റിഫ്ലക്ടറുകൾ, സൂചന ബോർഡുകൾ, ദിശ ബോർഡുകൾ എന്നിവയും സ്‌ഥാപിക്കും. വികസന പ്രവർത്തിയുടെ ഭാഗമായി കെ. എസ്. ഇ. ബി. പോസ്റ്റുകൾ, ബി. എസ്. എൻ. എൽ കേബിൾ പോസ്റ്റുകൾ, വാട്ടർ അതോറിറ്റി പൈപ്പുകൾ എന്നിവയെല്ലാം മാറ്റി സ്‌ഥാപിക്കുന്നതിനുള്ള നടപടിയുമുണ്ടാകും. ബിഷപ്പ് ഹൗസിനു സമീപം നടന്ന ഉദ്ഘാടനചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺസോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി. പി. സിന്റോ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. സി. ഷിബിൻ, വാർഡ് കൗൺസിലർ അഡ്വ. കെ. ആർ. വിജയ എന്നിവർ ആശംസകൾ അർപ്പിച്ചു . അസിസ്റ്റന്റ് എഞ്ചിനീയർ എം. ആർ. മിനി സ്വാഗതവും ഓവർസിയർ അഞ്ജു സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.