ജനുവരി 14 വ്യാഴാഴ്ച സേവ്യറിന്റെ പതിനാലാം ചരമ വാർഷികം.എന്നെ സംബന്ധിച്ചിടത്തോളം മൂർക്കനാട് സേവ്യർ ആരായിരുന്നു എന്നന്വേഷിക്കുമ്പോൾ ഉത്തരം തേടി ഏറെ അലയേണ്ടി വരും .ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആ സൗഹൃദം ഒരു വടവൃക്ഷം പോലെ പടർന്ന് പന്തലിച്ചു നിന്നു .സമൂഹത്തിലെ വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള വ്യക്തികളുമായും മഹത്തായ പ്രസ്ഥാനങ്ങൾ മുതൽ സാധാരണ സാമൂഹിക സാംസ്‌കാരിക സംഘടനകളുമായും ബന്ധപ്പെടുത്തുന്ന കണ്ണിയായി സേവ്യർ എക്കാലവും പ്രവർത്തിച്ചു .ഇരിങ്ങാലക്കുടയുടെ ഏത് മുക്കും മൂലയും ഈ അന്വേഷണാത്മക പത്രപ്രവര്ത്തകന് കാണാപ്പാഠം ആയിരുന്നു .സഹജീവി സ്നേഹത്തിന്റെ മഹത്വവും ,ശക്തിയും സമൂഹത്തെ മനസ്സിലാക്കുന്നതിൽ ഇത്രമാത്രം സത്യസന്ധമായും ആത്മാർത്ഥമായും പ്രവർത്തിച്ച് വിജയിച്ച പത്രപ്രവർത്തകർ വിരളമായിരിക്കും .വൈകിയെത്തുന്ന നീതി ,നിഷേധത്തിന് തുല്യമാണെന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ഈ മാതൃകാ പത്രപ്രവർത്തകൻ എന്നും അരക്ഷിതന്റെയും അടിച്ചമർത്തപ്പെട്ടവന്റെയും നിസ്സഹായന്റെയും പക്ഷത്തായിരുന്നു .പേര് സൂചിപ്പിക്കുന്ന പോലെ സകലരെയും സംരക്ഷിക്കുന്നവനായി മാറിയതിൽ അത്ഭുതപ്പെടാനില്ല .ഇന്നത്തെപ്പോലെ വിജ്ഞാനം വിരൽത്തുമ്പോളം വളർന്നിട്ടില്ലാത്ത പരിമിതികൾ പലതുമുള്ള അക്കാലത്ത് അന്നന്നത്തെ ശ്രദ്ധേയമായ സംഭവങ്ങൾ ഏറ്റവുമാദ്യം താൻ കയ്യാളുന്ന മാതൃഭൂമി പാത്രത്തിൽ കാണണമെന്ന നിർബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു .ഭാരതം ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന മഹാത്മജിയുടെ മഹത്തായ ആശയത്തിൽ ആകൃഷ്ടനായി ആജീവനാന്തം ഖദർ ധാരിയായും അങ്ങനെ ക്രമേണ ഗാന്ധിയനായി മാറുകയും ചെയ്തു .പരസ്പരം കുടുംബ പ്രശ്നങ്ങൾ പോലും പങ്ക് വെച്ച് പരിഹാരങ്ങൾ കണ്ടെത്തുന്ന അത്താണിയായി ക്രമേണ സേവ്യർ .ഇന്നാട്ടിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് ജീവസ്സുറ്റ ,സത്യസന്ധമായ നിരവധി റോപ്പോർട്ടിങ്ങുകളിലൂടെ ഉറക്കം നടിച്ചിരുന്ന അധികാരി വർഗത്തെ കണ്ണുതുറപ്പിച്ച് പരിഹാരം നേടാൻ കഴിഞ്ഞതിൽ പത്രലോകത്തിന് തന്നെ അഭിമാനിക്കാവുന്ന വസ്തുതയാണ് .ആവശ്യക്കാർ ഏറ്റവുമാദ്യം സമീപിക്കുന്നത് പലപ്പോഴും സേവ്യറിനെയായിരുന്നു .അത്കൊണ്ടാണ് മാതൃഭൂമിയുടെ മുൻ അസോ .എഡിറ്ററും ,പത്രപ്രവർത്തകരുടെ കുലഗുരുവുമെന്ന് വിശേഷിപ്പിക്കാറുള്ള പരേതനായ സി .ഉത്തമക്കുറുപ്പ് സേവ്യറിന്റെ ജീവസ്പന്ദിയായ റിപ്പോർട്ടുകൾക്ക് ഇത്രമാത്രം പ്രാധാന്യം നൽകിയത് .ഗ്രാമീണ പത്രപ്രവർത്തനത്തെക്കുറിച്ച് പുതിയ ലേഖകക്ക് ക്‌ളാസ്സ് എടുക്കുമ്പോൾ അദ്ദേഹം സേവ്യർ തയ്യാറാക്കിയ റിപ്പോർട്ടുകൾ തെരഞ്ഞെടുത്ത് പഠിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഈ ലേഖകനറിയാം .നാളത്തെ നാടിന്റെ നട്ടെല്ലാകേണ്ട കുട്ടികളെയും ,യുവാക്കളെയും ശരിയായ ദിശയിലൂടെ വളർത്തി എടുത്താലേ ക്ഷേമരാഷ്ട്ര സങ്കല്പം സാർത്ഥമാവുകയൊള്ളു എന്ന് മനസ്സിലാക്കിയ സേവ്യർ ,ഇരിങ്ങാലക്കുടയിലെ ശക്തി സ്റ്റഡി സർക്കിൾ പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടം നൽകി .മൂന്ന് തലമുറകളിൽ ദൃഢമായ നേതൃപാടവവും കലാകായിക സാംസ്‌കാരിക മണ്ഡലങ്ങളിൽ മാതൃകാപരമായ പ്രവർത്തനവും ഊട്ടി ഉറപ്പിക്കാൻ ഈ വഴിത്താരയിലൂടെ അദ്ദേഹത്തിന് സാധിച്ചു .ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സർവോന്മുഖമായ ഉയർച്ചയും വളർച്ചയും ലക്ഷ്യമാക്കി സമാരംഭിച്ച കേരള ലിറ്റററി ഫോറത്തിന്റെ പ്രവർത്തനത്തിൽ നിർണ്ണായക പങ്കുവഹിക്കാനായതും കൃതജ്ഞതയോടെ ഏവരും ഓർമ്മിക്കുന്നു .പ്രതികരണത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തിയതും സേവ്യറായിരുന്നു .പ്രതികരിക്കുന്ന വ്യക്തികളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങൾ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന് മനസ്സിലാക്കിയ സേവ്യറിനെത്തേടി നിരവധി പുരസ്‌കാരങ്ങൾ ,അംഗീകാരങ്ങൾ എത്തുകയുണ്ടായെങ്കിലും ഈ മനസ്സിൽ അദ്ദേഹം ഇതിനെല്ലാമപ്പുറമുള്ള മാനവികതയുടെ പ്രതിരൂപമായിരുന്നു .ഓർമ്മദിനത്തിൽ സുഹൃത്തിന്റെ ഈ വാക്കുകൾ സ്വീകരിച്ചാലും ….