ഇരിങ്ങാലക്കുട: മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കളിസ്ഥലത്തിനോട് ചേര്‍ന്ന് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ജില്ലാ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. സ്‌കൂളിലെ പി.ടി.എ.യും പൂര്‍വ്വ വിദ്യാര്‍ഥി സംഘടനവും മുതിര്‍ന്ന അഭിഭാഷകനായ മധു നടുവത്തുമന മുഖേനെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ജഡ്ജ് ദേവന്‍ രാമചന്ദ്രന്‍ വിധി പ്രഖ്യാപിച്ചത്. കേസ് പരിഗണിക്കവെ കളിസ്ഥലം നഷ്ടപ്പെടുത്താതെ സ്റ്റേഡിയം നിര്‍മ്മാണത്തിന് തടസമാകാത്ത രീതിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് പി.ടി.എ.യുടെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താന്‍ കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നതായി പി.ടി.എ., പൂര്‍വ്വവിദ്യാര്‍ഥി സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ എ.ഇ.ഒ., സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഭാരവാഹികള്‍, പി.ടി.എ., പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ഭാരവാഹികള്‍ എന്നിവര്‍ യോഗം ചേര്‍ന്ന് സ്‌കൂളിന്റെ വടക്കുകിഴക്കേ അറ്റത്തുള്ള 40 സെന്റ് സ്ഥലം കെട്ടിടനിര്‍മ്മാണത്തിന് കണ്ടെത്തുകയും അതിന് ഞവരിക്കുളത്തിന്റെ തെക്കുഭാഗത്തുകൂടെ വഴിയൊരുക്കാനും തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിന്റെ വടക്ക്- കിഴക്ക് അതിര്‍ത്തിയോട് ചേര്‍ന്ന് കണ്ടെത്തിയ 40 സെന്റ് സ്ഥലത്തിന് അനുമതി നല്‍കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് മാസത്തിനകം ഞവരിക്കുളം ഭാഗത്തുകൂടി പ്രവേശിക്കാവുന്ന രീതിയില്‍ പുതിയ റോഡ് നിര്‍മ്മിക്കാമെന്ന് കോടതി നിരീക്ഷിച്ചു. ഗ്രൗണ്ട് നഷ്ടപ്പെടാതെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിക്കണമെന്നായിരുന്നു തങ്ങളുടെ ആവശ്യമെന്ന് പി.ടി.എ.യും പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയും പത്രസമ്മേളനത്തില്‍ പറഞ്ഞു. അതുകൊണ്ടുതന്നെ സ്‌കൂളിന്റെ കളിസ്ഥലം നഷ്ടപ്പെട്ടുപോകാതെ തിരിച്ചുപിടിച്ച് ഈ നാട്ടിലെ കായികപ്രേമികള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ സ്‌കൂള്‍ പി.ടി.എ.യ്ക്കും പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയ്ക്കും ചാരുതാര്‍ത്ഥ്യമുണ്ടെന്ന് ഭാരവാഹികളായ ടി.എ. നൗഷാദ്, റെജി സെബാസ്റ്റ്യന്‍, പ്രൊഫ. ജോസ് തെക്കേത്തല, സി.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.