Home NEWS സോണിയ ഗിരി ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ:പി.ടി ജോർജ് വൈസ് ചെയർമാൻ

സോണിയ ഗിരി ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ:പി.ടി ജോർജ് വൈസ് ചെയർമാൻ

ഇരിങ്ങാലക്കുട നഗരസഭയുടെ പതിനേഴാമത്തെ കൗണ്‍സിലിന്റെ ചെയര്‍പേഴ്‌സണായി യു. ഡി. എഫില്‍ നിന്നുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സംഗം സോണിയ ഗിരി തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫിലെ സി. പി. ഐ. എം. അംഗം അഡ്വ കെ. ആര്‍. വിജയയെ പതിനാറിനെതിരെ പതിനേഴു വോട്ടുകള്‍ക്കാണ് സോണിയ ഗിരി പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പു വരണാധികാരി ഡെപ്യുട്ടി കളക്ടര്‍ ബി. ജയശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു. ഡി. എഫില്‍ നിന്നും സോണിയ ഗിരി, എല്‍. ഡി. എഫില്‍ നിന്നും അഡ്വ കെ. ആര്‍. വിജയ, ബി. ജെ. പി. യില്‍ നിന്നും അമ്പിളി ജയന്‍ എന്നിവരാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി സോണിയ ഗിരിക്ക് 17 വോട്ടും, എല്‍. ഡി. എഫ്. സ്ഥാനാര്‍ത്ഥി അഡ്വ കെ. ആര്‍. വിജയക്ക് 16 വോട്ടും, ബി. ജെ. പി. സ്ഥാനാര്‍ത്ഥി അമ്പിളി ജയന് 8 വോട്ടും ലഭിച്ചു. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച സോണിയ ഗിരിക്ക് മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ലഭിച്ച വോട്ടുകള്‍ ലഭിക്കാതിരുന്നതിനാല്‍, ഏറ്റവും കുറവ് വോട്ട് ലഭിച്ച അമ്പിളി ജയനെ ഒഴിവാക്കി രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്തുകയായിരുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ബി. ജെ. പി. അംഗങ്ങള്‍ ആര്‍ക്കും വോട്ടു രേഖപ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് വോട്ടുകള്‍ അസാധുവായതോടെ എറ്റവും കൂടുതല്‍ വോട്ട് ലഭിച്ച സോണിയ ഗിരി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി ബി. ജയശ്രീ പ്രഖ്യാപിച്ചു. തുടര്‍ന്ന് വരണാധികാരി ബി. ജയശ്രീക്കു മുന്‍പാകെ സോണിയ ഗിരി ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗിരിയെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടന്‍, ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ജനറല്‍ സെക്രട്ടറി അഡ്വ എം. എസ്. അനില്‍കുമാര്‍, ബ്ലോക്ക് കോണ്‍ഗസ്സ് കമ്മറ്റി പ്രസിഡണ്ട് ടി. വി. ചാര്‍ളി തുടങ്ങി നിരവധി പേര്‍ ഷാള്‍ അണിയിച്ച് അനുമോദിച്ചു. തുടര്‍ന്ന് ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ അഡ്വ കെ. ആര്‍. വിജയ, ടി. വി. ചാര്‍ളി, ടി. കെ. ഷാജു, സുജ സജ്ഞീവ് കുമാര്‍, സന്തോഷ് ബോബന്‍, ജെയ്‌സണ്‍ പാറേക്കാടന്‍, എം. ആര്‍. ഷാജു എന്നിവര്‍ പ്രസംഗിച്ചു.സോണിയ ഗിരി ഇരിങ്ങാലക്കുട നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്നത് ഇത് രണ്ടാം വട്ടം. 2010 ലാണ് ആദ്യമായി സോണിയ ഗിരി മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇക്കുറി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയേഴാം വാര്‍ഡിനെയായിരുന്നു 2010 ലും സോണിയ ഗിരി പ്രതിനിധികരിച്ചിരുന്നത്. 2010 ല്‍ കോണ്‍ഗ്രസ്സിലുണ്ടായ ധാരണ പ്രകാരം ഇരുപതു മാസം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിരുന്നു. 2015 ല്‍ ഇരുപത്തിരണ്ടാം വാര്‍ഡിനെ പ്രതിനിധികരിച്ചായിരുന്നു സോണിയ ഗിരി മുനിസിപ്പല്‍ കൗണ്‍സിലിലെത്തിയത്. ഇക്കുറി വീണ്ടൂം ഇരുപത്തിയേഴാം വാര്‍ഡില്‍ നിന്നും തിരഞ്ഞടുക്കപ്പെട്ട സോണിയ ഗിരിയെ ഇരുപത്തിയൊന്‍പതു മാസം ചെയര്‍പേഴ്‌സണാക്കാന്‍ കോണ്‍ഗ്രസ്സ് നേത്യത്വം തീരുമാനിക്കുകയായിരുന്നു. യു. ഡി. എഫിന് കേവല ഭൂരിപക്ഷമില്ലാത്ത കൗണ്‍സിലിനെ നയിക്കാന്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ജനറല്‍ സെക്രട്ടറി കൂടിയായ സോണിയ ഗിരിയുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ്് നേത്യത്വം.ഇരിങ്ങാലക്കുട നഗരസഭയുടെ പതിനേഴാമത്തെ കൗണ്‍ലിന്റെ വൈസ് ചെയര്‍മാനായി യു. ഡി. എഫിലെ കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം അംഗം പി. ടി. ജോര്‍ജ്ജ് തിരിഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫിലെ സി. പി. ഐ. അല്‍ഫോന്‍സ തോമസിനെ പതിനാറിനെതിരെ പതിനേഴു വോട്ടുകള്‍ക്കാണ് പി. ടി. ജോര്‍ജ്ജ് പരാജയപ്പെടുത്തിയത്. വരണാധികാരി ഡെപ്യുട്ടി കളക്ടര്‍ ബി. ജയശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു. ഡി. എഫില്‍ നിന്നും പി. ടി. ജോര്‍ജ്ജിന്റെ പേര് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നിര്‍ദ്ദേശിച്ചു, ബൈജു കുറ്റിക്കാടന്‍ പിന്താങ്ങി. എല്‍. ഡി. എഫില്‍ നിന്നും അല്‍ഫോന്‍സ തോമസിന്റെ പേര് അഡ്വ കെ. ആര്‍. വിജയ നിര്‍ദ്ദേശിച്ചു. അഡ്വ ജിഷ ജോബി പിന്താങ്ങി. ബി. ജെ. പി. യില്‍ നിന്നും ടി. കെ. ഷാജുവിന്റെ പേര് സന്തോഷ് ബോബന്‍ നിര്‍ദ്ദേശിച്ചു. അമ്പിളി ജയന്‍ പിന്താങ്ങി. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി പി. ടി. ജോര്‍ജ്ജിന് 17 വോട്ടും, എല്‍. ഡി. എഫ്. സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ തോമസിന് 16 വോട്ടും, ബി. ജെ. പി. സ്ഥാനാര്‍ത്ഥി ടി. കെ. ഷാജുവിന് 8 വോട്ടും ലഭിച്ചു. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച പി. ടി. ജോര്‍ജ്ജിന് മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ലഭിച്ച വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കാതിരുന്നതിനാല്‍, ഏറ്റവും കുറവ് വോട്ട് ലഭിച്ച ടി. കെ. ഷാജുവിനെ ഒഴിവാക്കി രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്തുകയായിരുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ബി. ജെ. പി. അംഗങ്ങള്‍ ആര്‍ക്കും വോട്ട് രേഖപ്പെടുത്താതിരുന്നതിനാല്‍ അസാധുവായതോടെ വോട്ടുകള്‍ അസാധുവായതോടെ ഏറ്റവും കൂടുതല്‍ വോട്ടുകല്‍ ലഭിച്ച പി. ടി. ജോര്‍ജ്ജ്് തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി ബി. ജയശ്രീ പ്രഖ്യാപിച്ചു. തുടര്‍ന്ന് പി. ടി. ജോര്‍ജജ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരിക്കു മുന്‍പില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.മുനിസിപ്പല്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പി. ടി. ജോര്‍ജ്ജിനെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി, മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടന്‍, കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം നിയോജക മണ്ഡലം പ്രസിഡണ്ട്് റോക്കി ആളൂക്കാരന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ടി. വി. ചാര്‍ളി തുടങ്ങിയവര്‍ ഷാള്‍ അണിയിച്ച് അനുമോദിച്ചു. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി, അഡ്വ കെ. ആര്‍. വിജയ, ടി. വി. ചാര്‍ളി, സന്തോഷ്് ബോബന്‍, ടി. കെ. ഷാജു എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് കേരള കോണ്‍ഗ്രസ്സ് എം പ്രതിനിധി വൈസ് ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്. മുനിസിപ്പല്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പി. ടി. ജോര്‍ജ്ജ് നഗരസഭയിലെ പതിനാറാം വാര്‍ഡിനെയാണ് പ്രതിനിഝധികരിക്കുന്നത്. 2010-2015 കാലയളവില്‍ ഇതേ വാര്‍ഡില്‍ നിന്നും മുനിസിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി കേരള കോണ്‍ഗ്രസ്സിന്റെ മണ്ഡലം പ്രസിഡണ്ടായി തുടരുകയാണ് പി. ടി. ജോര്‍ജ്ജ്. യു. ഡി. എഫിന് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ്സ് എം നടത്തിയ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് സംസ്ഥാന നേത്യത്വത്തിന്റെ ഇടപലിലൂടെ കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിന് ആദ്യ ഒരു വര്‍ഷം വൈസ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്.

Exit mobile version