Home NEWS വീട്ടമ്മയെ കഴുത്തറുത്ത് കൊന്നിട്ട് ഒരു വര്‍ഷം പിന്നിട്ടെങ്കിലും കൊലയാളിയെ പിടികൂടാനാകാതെ പോലീസ്

വീട്ടമ്മയെ കഴുത്തറുത്ത് കൊന്നിട്ട് ഒരു വര്‍ഷം പിന്നിട്ടെങ്കിലും കൊലയാളിയെ പിടികൂടാനാകാതെ പോലീസ്

ഇരിങ്ങാലക്കുട : നാടിനെ നടുക്കിയ ആനീസ് വധക്കേസില്‍ ഒരു വര്‍ഷമായിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്.മുരിയാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം പിന്നിടുകയാണ്.ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന ആനീസിന് രാത്രി കൂട്ടുകിടക്കാന്‍ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണി 2019 നവംബര്‍ 14നു വൈകീട്ട് വീട്ടില്‍ എത്തിയപ്പോഴാണ് വീടിന്റെ മുന്നിലെ വാതില്‍ പുറത്തുനിന്ന് അടച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അകത്ത് കയറിനോക്കിയപ്പോഴാണ് ഡ്രോയിങ് മുറിക്കടുത്തുള്ള മുറിയില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ ആനീസിനെ കണ്ടത്.ഇതുവരേയും കൊലപാതകത്തെ കുറിച്ചോ കൊലപാതകിയെ കുറിച്ചോ യാതൊന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.ഒരു വര്‍ഷമായിട്ടും പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയാത്തതില്‍ നാട്ടുകാര്‍ ആശങ്കാകുലരാണ്.അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ ആയിരം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യ മന്ത്രിക്ക് നല്‍കിയിരുന്നു.ആനീസ് വധക്കേസിലെ പ്രതിയെ ഇത് വരെയും പിടികൂടാന്‍ സാധിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി പതിനൊന്നാം വാര്‍ഡ് ഗ്രാമസഭായോഗം പ്രമേയം അവതരിപ്പിച്ചിരുന്നു.കൊലപാതകം നടന്ന വീട്ടില്‍ ആറുമാസത്തോളം ക്യാമ്പ് ചെയ്താണ് പൊലീസ് സംഘം അന്വേഷണം നടത്തിയത്. ആനീസിന്റെ മൂന്ന് പെണ്‍മക്കള്‍ വിവാഹം കഴിഞ്ഞ് അവരുടെ വീട്ടിലാണ്. ഏക മകനും കുടുംബവും ഇംഗ്ലണ്ടിലാണ്. കൊലപാതകത്തിന്റെ കാരണം കവര്‍ച്ചാശ്രമം ആണോയെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. കാരണം,അലമാരയ്ക്കുള്ളിലെ ആഭരണവും പണവും കൊലയ്ക്ക് ശേഷം നഷ്ടപ്പെടാത്തതാണ് ഇങ്ങനെയൊരു സംശയത്തിനു കാരണം.ആനീസ് വീടിനകത്ത് കൊല്ലപ്പെട്ടത് കഴുത്തറത്ത നിലയിലായിരുന്നു. ആനീസിന്റെ വീട്ടിലേയ്ക്ക് രണ്ടു പ്രധാന റോഡുകളുണ്ട്.എന്നിട്ടും ആരും കൊലയാളിയെ കണ്ടില്ല. നാട്ടിലെ എല്ലാ സി.സി.ടി.വി കാമറകളും പരതി. എന്നിട്ടും കൊലയാളിയെന്ന് സംശയിക്കുന്നയാള്‍ ആ ദൃശ്യങ്ങളില്‍ ഇല്ല. വിദഗ്ദമായി ആസൂത്രണം ചെയ്ത കൊലപാതകം തെളിയിക്കാന്‍ പൊലീസ് പാടുപെടുകയാണ്.ആനീസിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പിക്കാന്‍ കൊണ്ടുവന്ന കത്തി പൊതിഞ്ഞ ന്യൂസ് പേപ്പര്‍ വീടിന്റെ സമീപത്തു നിന്ന് കിട്ടിയിരുന്നു.എന്നാല്‍ വിരലടയാളം ഇതില്‍ നിന്ന് ലഭിച്ചില്ലെന്നാണ് പോലീസ് പറഞ്ഞത്. കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്ന തരത്തിലായിരുന്നു ആദ്യഘട്ട അന്വേഷണം. ആലീസിനോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊല നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പൊലീസും സമ്മര്‍ദ്ദത്തിലാണ്.കേസന്വേഷണത്തിനു നേതൃത്വം നല്കുന്നതിനായി
ഇരിങ്ങാലക്കുട ഡി.വൈ.എസ.്പി ഓഫീസിനു മുകളില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസിന്റെയും ചെങ്ങന്നൂര്‍ ജലജ കൊലക്കേസിന്റെയുമൊക്കെ അന്വേഷണസംഘത്തിലുണ്ടായിരുന്ന ക്രൈം ബ്രാഞ്ചിലെ സമര്‍ഥരായ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി ആനീസ് കൊലക്കേസിന്റെ അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്. ആനീസ് വധക്കേസില്‍ സൂചനകള്‍ ലഭിക്കാന്‍
പൊലീസ് പെട്ടികള്‍ സ്ഥാപിച്ചിരുന്നു. സെന്റ് തോമസ് കത്തീഡ്രല്‍ ഓഫീസ് പരിസരത്തും മാര്‍ക്കറ്റിലുമാണ് ജനമൈത്രി പൊലീസിന്റെ പേരില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിനോട് നേരിട്ട് പറയാന്‍ ബുദ്ധിമുട്ടുള്ളവരെ ലക്ഷ്യമാക്കിയാണ് പെട്ടികള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല.അന്യസംസ്ഥാനക്കാര്‍, ആനീസിന്റെ ലൗബേര്‍ഡ് ബിസിനസിലെ ഇടപാടുകള്‍, ആനീസിന്റെയും ഭര്‍ത്താവിന്റെയും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങി ആയിരത്തിലധികം പേരെ കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് വിശദമായി ചോദ്യം ചെയ്‌തെങ്കിലും പ്രതികളിലേക്കുള്ള സൂചനകള്‍ ലഭിച്ചില്ല.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണസംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അപരിചിതര്‍ ആരെങ്കിലും വീട്ടില്‍ വന്നാല്‍ ജനല്‍ വാതില്‍ മാത്രം തുറന്ന് സംസാരിക്കുന്ന ആനീസിനെ വീട്ടിലെ ഇരിപ്പുമുറിയില്‍ കൊലപ്പെട്ട നിലയിലാണ് കണ്ടെത്തിയത് എന്നതും, പിന്‍വാതില്‍ പുറത്ത് നിന്നും പൂട്ടിയിരുന്നതും കൊല നടത്തിയത് പരിചയക്കാരായിരിക്കാം എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. അതുകൊണ്ട് തന്നെ കൊലയാളി അടുത്തു തന്നെയുണ്ടെന്നാണ് നാട്ടുകാര്‍ കരുതുന്നത്.

Exit mobile version