ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ മലയോര മേഖലയിലെ മനുഷ്യരുടെ വേദനകളില്‍ ആശ്വാസമാകാനും തീര്‍ത്തും നിര്‍ധനരായ രോഗികളുടെ പരിചരണം സൗജന്യമായി ഏറ്റെടുക്കാനും ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെ ആവശ്യമായ വൈദ്യസഹായങ്ങള്‍ ഏവരിലേക്കും എത്തിച്ചുകൊടുക്കുവാനും വേണ്ടി വെള്ളിക്കുളങ്ങര മേഖലയില്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഒരുങ്ങി. രൂപതയുടെ പ്രഥമ മെത്രാന്‍ കാലം ചെയ്ത മാര്‍ ജയിംസ് പഴയാറ്റില്‍ പിതാവിന്റെ സ്മരണയ്ക്കായി ആരംഭിച്ച ഹൃദയ പാലിയേറ്റീവ് കെയറിന്റെ അഞ്ചാമത് ഓഫിസ് സംവിധാനമാണ് വെള്ളിക്കുളങ്ങരയില്‍ ആരംഭിച്ചിരിക്കുന്നത്. നിശബ്ദരാക്കപ്പെട്ടവരുടെ, അടിസ്ഥാന അവകാശങ്ങള്‍ തമസ്‌കരിക്കപ്പെട്ടവരുടെ, നീതി നിഷേധിക്കപ്പെട്ടവരുടെ നാവായി നിലകൊണ്ടും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ആതുര കാര്‍ഷിക രംഗങ്ങളിലെ ഇടപെടലുകള്‍കൊണ്ടും അരിക് ജീവിതങ്ങളുടെ കണ്ണീരൊപ്പുന്ന സാന്ത്വന ശുശ്രൂഷകള്‍ കൊണ്ടും ചരിത്രത്തില്‍ ഇടംപിടിച്ച ഇരിങ്ങാലക്കുട രൂപതയുടെ നൂതന സംരംഭത്തിന് ഏവരുടെയും സഹായസഹകരണങ്ങള്‍ ബിഷപ് പോളി കണ്ണൂക്കാടന്‍ സ്‌നേഹപൂര്‍വം അഭ്യര്‍ഥിച്ചു. ഹൃദയ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ വെഞ്ചരിപ്പു കര്‍മം ബിഷപ് പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അണിചേര്‍ന്ന ഉദ്ഘാടന സമ്മേളനം തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപന്‍ നിര്‍വഹിച്ചു. ചാലക്കുടി എംഎല്‍എ ബി.ഡി. ദേവസി മുഖ്യ പ്രഭാഷണം നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടന്ന സമ്മേളനത്തില്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ ട്രസ്റ്റ് പ്രസിഡന്റ് മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ സ്വാഗതം അരുളി. ഹൃദയ പാലിയേറ്റീവ് കെയര്‍ ട്രസ്റ്റ് ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി ആമുഖ പ്രഭാഷണവും വെള്ളിക്കുളങ്ങര വികാരി ഫാ. ജോണ്‍ പോള്‍ ഈയ്യന്നം, കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരന്‍, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ജിനേഷ് പി., മറ്റത്തൂര്‍ പഞ്ചായത്ത്, പ്രസിഡന്റ് സുബ്രന്‍, പാസറ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, മേഖല കോ-ഓര്‍ഡിനേറ്റര്‍ ജോസ് അറയ്ക്കപ്പറമ്പില്‍, വെള്ളിക്കുളങ്ങര ഇടവക ട്രസ്റ്റി ജയ്‌സന്‍ കാവുങ്ങല്‍, കോടശേരി 6-ാം വാര്‍ഡ് മെമ്പര്‍ അഡ്വ. ലിജോ കുന്നത്തുപറമ്പില്‍ എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു. വെള്ളിക്കുളങ്ങര മേഖല ഹൃദയ പാലിയേറ്റീവ് ഡയറക്ടര്‍ ഫാ. ഫ്രാങ്കോ പറപ്പുള്ളി നന്ദി അര്‍പ്പിക്കുകയും ചെയ്തു. കൊടകര ഫൊറോന വികാരി റവ. ഫാ. ജോസ് വെതമറ്റില്‍, കുറ്റിക്കാട് ഫൊറോന വികാരി റവ. ഫാ. വില്‍സന്‍ ഈരത്തറ, ഹൃദയ പാലിയേറ്റീവ് കെയര്‍ അസി. ഡയറക്ടര്‍മാരായ ഫാ. ടോം വടക്കന്‍, ഫാ. വിമല്‍ പേങ്ങിപറമ്പില്‍, ഫാ. ഡിബിന്‍ ഐനിക്കല്‍ തുടങ്ങിയവരും ക്ഷണിക്കപ്പെട്ട അഥിതികളും സന്നിഹിതരായിരുന്നു.