Home NEWS ജസ്റ്റീസ് ഫോറം സില്‍വര്‍ ജൂബിലി വര്‍ഷത്തിലേക്ക്

ജസ്റ്റീസ് ഫോറം സില്‍വര്‍ ജൂബിലി വര്‍ഷത്തിലേക്ക്

ഇരിങ്ങാലക്കുട : രൂപതയുടെ ആഭിമുഖ്യത്തില്‍ അഴിമതി നിര്‍മാര്‍ജനവും സാമൂഹ്യ നീതിയും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലക്ഷ്യം വച്ചുകൊണ്ട് പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ അവറകളുടെ നേതൃത്വത്തില്‍ ആരംഭിച്ച രൂപതാ ജസ്റ്റീസ് ഫോറം 25-ാം വര്‍ഷത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. 1996 സെപ്റ്റംബര്‍ മാസം 10 നു ആരംഭം കുറിച്ച ഈ പ്രസ്ഥാനത്തിലൂടെ ഒട്ടേറെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അതിലൂടെ സാമൂഹ്യ നീതി ഉറപ്പാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ദാമ്പത്ത്യവിഷയങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍, വ്യക്തിപരമായ തര്‍ക്കങ്ങള്‍, സാമ്പത്തിക തര്‍ക്കങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ വിദഗ്ധരായ അഭിഭാഷകരുടെയും ഡോക്ടേഴ്‌സിന്റെയും കോളജ് അധ്യാപകരുടെയും സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ച് രമ്യമായി യാതൊരുവിധ പണ ചെലവും കൂടാതെ അവസാനിപ്പിച്ചിട്ടുണ്ട്. ജസ്റ്റീസ് ഫോറം അംഗങ്ങളുടെ സേവനം ഏറെ സൗജന്യമാണെന്ന പ്രത്യേകതയും  ഇതിനുണ്ട്. മേല്‍ പറഞ്ഞ വിദഗ്ധരായ അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, കോളഡ് അധ്യാപകര്‍, റിട്ട. റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായിട്ടാണ് അവര്‍ തന്നെ സ്വയം മുന്നോട്ട് വന്ന് ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ക്ക് മണിക്കൂറുകളോളം ഇരുന്നു സംസാരിച്ച് പരിഹാരം കാണുന്നത്. ആയതില്‍ ബഹു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ പോലും ഇവിടെ സംസാരിച്ച് അവസാനിപ്പിക്കുന്നതും പിന്നീട് കോടതിയില്‍ പോയി ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ നിയമം മൂലം സാധൂകരിക്കുന്നതും ഉണ്ടാകാറുണ്ട്. പ്രായമായവരെ നോക്കി സംരക്ഷിക്കാത്ത പല പ്രശ്‌നങ്ങളിലും ഈ പ്രസ്ഥാനം വളെ ശക്തമായി തന്നെ ഇടപെട്ടു വരുന്നുണ്ട്. ഇരിങ്ങാലക്കുട രൂപതയിലെ 138 പള്ളികളിലും ജസ്റ്റീസ് ഫോറം സെല്‍ രൂപീകരിച്ച് അവിടങ്ങളില്‍ പോയി പ്രശ്‌നങ്ങള്‍ ഒത്തു തീര്‍ക്കാനുള്ള കര്‍മ പദ്ധതികള്‍ക്കു ഈ ജൂബിലി വര്‍ഷം സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. നാളിതുവരെ 538 കേസുകള്‍ തീര്‍ക്കാന്‍ കഴിഞ്ഞതും ഏറെ ശ്രദ്ധേയമാണ്. കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത ഇരിങ്ങാലക്കുട രൂപതയില്‍ മാത്രം രൂപം കൊണ്ടിട്ടുള്ള ഈ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷിക ആഘോഷങ്ങള്‍ രൂപതാ ഭവനില്‍ കോവിഡ് -19 നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. അനീതിക്കെതിരെ ശബ്ദം ഉയര്‍ത്താനും അഴിമതി കാണിക്കുന്നവരെ എതിര്‍ക്കുന്നതിനും ജസ്റ്റീസ് ഫോറം അംഗങ്ങള്‍ കൂടുതല്‍ തീക്ഷ്ണതയോടുകൂടി പ്രവര്‍ത്തിക്കണമെന്നു ബിഷപ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ജോയ് പാലിയേക്കര അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജസ്റ്റീസ് ഫോറം ഡയറക്ടര്‍ ഫാ. ഡേവീസ് കിഴക്കുംതല ഏവരെയും സ്വാഗതം ചെയ്തു. ജസ്റ്റീസ് ഫോറം ചെയര്‍മാന്‍ അഡ്വ. എം.ഐ. ആന്റണി, രൂപതാ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ടോം മാളിയേക്കല്‍, മുന്‍ ചെയര്‍മാന്‍ അഡ്വ. ഇ.ടി. തോമസ്, ജസ്റ്റീസ് ഫോം വൈസ് ചെയര്‍മാന്‍ അഡ്വ. ഹോബി ജെ. ആഴ്ചങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു

Exit mobile version