മുരിയാട് :തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ മുരിയാട് ഗ്രാമപഞ്ചായത്തിലെ കുന്നത്തറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്സ് നാടിന് സമർപ്പിച്ചു.ഏകദേശം 30 ഹെക്ടർ കൃഷിഭൂമിയിലേക്ക് ജലസേചന സൗകര്യമൊരുക്കി കാർഷിക മേഖലയിൽ ഉൽപ്പാദനവും ഉത്പ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനും കുടിവെള്ള ക്ഷാമം പരിഹരിഹരിക്കുന്നതിനും ഈ പദ്ധതി യാഥാർത്ഥ്യമായതോടെ സാധിക്കും. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ 37 ലക്ഷം രൂപയും മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 4.5 ലക്ഷം രൂപയും ഉപയോഗിച്ചുകൊണ്ടു് ഗുണഭോക്തൃസമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തികരിച്ചിട്ടുള്ളത്.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അദ്ധ്യക്ഷയായ ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ , മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി പ്രശാന്ത്, മുൻ ജില്ലാ പഞ്ചായത്ത് അംഗം നൈസി ബാബു എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു .ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സത്യൻ, പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗംഗാദേവി സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ: കെ.എ. മനോഹരൻ ,പഞ്ചായത്ത് അംഗങ്ങളായ എ.എം.ജോൺസൺ, മോളി ജേക്കബ്ബ്, ഗുണഭോക്തൃസമിതി കൺവീനർ കെ.സി.അരുൺ, ചെയർമാൻ വി.കെ.സുബ്രഹ്മണ്യൻ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.മുരിയാട് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ നിരൂഫർ പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കുകയും ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ സ്വാഗതവും മുരിയാട് പഞ്ചായത്ത് അംഗം ജസ്റ്റിൻ ജോർജ്ജ് നന്ദിയും രേഖപ്പെടുത്തി.