ഇരിങ്ങാലക്കുട: ഉദ്ഘാടനം കഴിഞ്ഞ് ഏഴുവര്‍ഷമായിട്ടും ഇനിയും പ്രവര്‍ത്തനക്ഷമമാകാതെ ഇരിങ്ങാലക്കുട നഗരസഭയിലെ ആധുനിക മത്സ്യചന്ത. കോസ്റ്റല്‍ ഏരിയാ ഡവല്പമെന്റ് കോര്പ്പറേഷന് നഗരസഭയുടെ മത്സ്യ-മാംസ ചന്തയില്‍ നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റാണ് ഇനിയും പൂര്‍ണ്ണമായും തുടങ്ങാനാകാതെ കിടക്കുന്നത്. കുറഞ്ഞ ചിലവില്‍ നല്ല മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മൂന്നര കോടി രൂപയോളം ചിലവഴിച്ചാണ് ചന്ത നിര്‍മ്മിച്ചിരിക്കുന്നത്. 2013 ല്‍ അന്നത്തെ ഫിഷറീസ് മന്ത്രിയായിരുന്ന കെ.ബാബുവാണ് ആധുനിക മത്സ്യചന്ത ഉദ്ഘാടനം ചെയ്തത്.എന്നാല്‍ ഇതുവരേയും കെട്ടിടത്തിനകത്ത് വെള്ളവും വെളിച്ചവും എത്തിക്കാന്‍ സാധിച്ചീട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഫാനുകളും ശീതീകരണ മുറിയും ലൈറ്റുകളും ജല ടാപ്പുകളുമെല്ലാം ഉപയോഗിക്കാതെ നശിച്ച് തുടങ്ങിയതായും കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നഗരസഭയ്ക്ക് കൈമാറിയ കെട്ടിടം പിന്നീട് പൊതുലേലത്തിലൂടെ സ്റ്റാളുകള്‍ കച്ചവടക്കാര്‍ക്ക് നല്‍കിയെങ്കിലും വിരലിലെണ്ണാവുന്ന് സ്റ്റാളുകളാണ് ലേലത്തില്‍ പോയത്. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ കടകള്‍ നഗരസഭയ്ക്ക് തിരിച്ചു നല്കി കച്ചവടക്കാര്‍ പിന്‍വാങ്ങി. മാര്‍ക്കറ്റിനോട് ചേര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് മാലിന്യസംസ്ക്കരണത്തിനായി നിര്‍മ്മിച്ച മലിനജല സംസ്ക്കരണ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. മത്സ്യമാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തീരദേശ വികസന കോര്പ്പറേഷന് പരിശോധന നടത്തിയിരുന്നു. എന്നാല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിരാശാജനകമെന്നായിരുന്നു പരിശോധന സംഘത്തിന്റെ വിലയിരുത്തല്‍.കൃത്യമായ നിയമാവലി ഉണ്ടാക്കി ആധുനിക മത്സ്യ മാര്‍ക്കറ്റിലെ ഓരോ സ്റ്റാളുകള്‍ക്കും വാട്ടര്‍, വൈദ്യൂതി കണക്ഷനുകള്‍ ലഭ്യമാക്കി ലേലം ചെയ്ത് നല്കിയെങ്കില് മാത്രമെ ഇതിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കുകയൊള്ളുവെന്ന് നഗരസഭ പ്രതിപക്ഷനേതാവ് പി.വി. ശിവകുമാര്‍ പറഞ്ഞു. മത്സ്യമാര്‍ക്കറ്റിന്റെ നടത്തിപ്പിന്റെ കാര്യത്തില്‍ നഗരസഭ കടുത്ത അനാസ്ഥ തുടരുകയാണ്. കടകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ വലിയ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.മത്സ്യമാര്‍ക്കറ്റിലെ കടകള്‍ ലേലത്തിന് വെക്കുമ്പോള്‍ ആരും എടുക്കാനില്ലാത്തതാണ് വലിയ പ്രശ്നമെന്ന് നഗരസഭ ചെയര്പേഴ്സന് നിമ്യാ ഷിജു പറഞ്ഞു. വലിയ തുകയ്ക്ക് ലേലം എടുത്താല്‍ അത് ലാഭകരമാകില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. രണ്ടുതവണ ലേലം വിളിച്ചെങ്കിലും ആരും എടുക്കാന്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാനും ലേലം ചെയ്യാനും വിഷയം അടുത്ത കൗണ്‍സിലിലേക്ക് വെച്ചീട്ടുണ്ട്. അതിനുശേഷം കടകള്‍ ലേലം ചെയ്ത് നല്‍കുകയും മറ്റുപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും ബയോഗ്യാസ് പ്ലാന്റ് തുറക്കാനും നടപടി സ്വീകരിക്കുമെന്നും ചെയര്പേഴ്സന് പറഞ്ഞു.