ഇരിങ്ങാലക്കുട: മിനി സിവില്‍ സ്റ്റേഷന് സമീപം പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌പെഷ്യല്‍ സബ്ബ് ജയില്‍ പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ 30നാണ് വിഡിയോ കോണ്‍ഫ്രന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജയില്‍ ഉദ്ഘാടനം ചെയ്തത്. രാവിലെ നടന്ന ചടങ്ങില്‍ മധ്യമേഖല ജയില്‍ ഡി.ഐ.ജി. സാം തങ്കയ്യ ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യല്‍ ജയിലില്‍ അന്തേവാസികളെ പാര്‍പ്പിച്ചുതുടങ്ങി. ഇപ്പോള്‍ 27 അന്തേവാസികളാണ് ഉള്ളത്. ഒരു ഏക്കര്‍ 82 സെന്റ് സ്ഥലത്ത് 27,823 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ ഇരുനിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന പുതിയ ജയിലില്‍ 200 ഓളം അന്തേവാസികളെ പാര്‍പ്പിക്കുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തില്‍ താഴത്തെ നിലയില്‍ ഒമ്പത് സെല്ലുകളും നാല് സിംഗിള്‍ സെല്ലുകളും, കോഫറന്‍സ് ഹാള്‍, സൂപ്രണ്ട് ഓഫീസ്, ഗാര്‍ഡ് ഓഫീസ്, ലൈബ്രറി ഓഫീസ്, വെല്‍ഫെയര്‍ ഓഫീസ്, മുകളില്‍ നിലയില്‍ വലിയ നാല് സെല്ലുകള്‍, കോര്‍ട്ട്യാര്‍ഡുമടക്കം ആറുമീറ്റര്‍ ഉയരത്തിലുള്ള സുരക്ഷാമതിലും ഉള്‍പ്പെടുതാണ് പുതിയ സ്‌പെഷ്യല്‍ സബ്ബ് ജയില്‍. കൊടുങ്ങല്ലൂര്‍, ചാലക്കുടി, മുകുന്ദപുരം എന്നി മൂന്ന് താലൂക്കിലെ 13 പോലീസ് സ്‌റ്റേഷന്‍, ഫോറസ്റ്റ്, എക്‌സൈസ് റേഞ്ചുകളിലെ അന്തേവാസികളേയും ഇവിടെയാണ് പാര്‍പ്പിക്കുക. റീജിണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ലക്ഷ്മി അധ്യക്ഷത വഹിച്ചു. വനിതാ ജയില്‍ സൂപ്രണ്ട് ജയ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.കെ. ജോണ്‍സണ്‍, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ മൈഥിലി, ഓവര്‍സീയര്‍ ദീപ്തി, സ്പെഷ്യല്‍ സബ്ബ് ജയില്‍ സൂപ്രണ്ട് ബി.എം. അന്‍വര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സി.എസ്. ഷൈജു എന്നിവര്‍ സംസാരിച്ചു.