Home NEWS കനോലി കനാൽ നിറഞ്ഞു തീരദേശത്ത് കൂടുതൽ ക്യാമ്പുകൾ തുറക്കുന്നു

കനോലി കനാൽ നിറഞ്ഞു തീരദേശത്ത് കൂടുതൽ ക്യാമ്പുകൾ തുറക്കുന്നു

കനത്ത മഴയിൽ കനോലി കനാൽ നിറഞ്ഞതോടെ തീരദേശ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ഒഴുക്കില്ലാത്തതിനാൽ വെള്ളം കുറയാത്തത് ആശങ്ക കൂട്ടുന്നു. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, എറിയാട്, എടവിലങ്ങ്, ശ്രീനാരായണ പുരം പഞ്ചായത്തുകളിലായി നിരവധി വീടുകളാണ് വെള്ളക്കെട്ടിലായത്. എടത്തിരുത്തി മുതൽ കാക്കാത്തിരുത്തി വരെയാണ് കനാൽ നിറഞ്ഞത്. ഇവിടെ നിന്നും ആളുകൾ നേരത്തെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറിയിട്ടുണ്ട്. പലയിടങ്ങളിലും ശുദ്ധജല സ്രോതസുകളിൽ ഉപ്പുവെള്ളം കയറി. പ്രദേശത്തെ പ്രധാനപ്പെട്ട റോഡുകളെല്ലാം നിറഞ്ഞൊഴുകുകയാണ്. ഇതുമൂലം ഉൾനാടൻ റോഡുകളും വെള്ളത്തിലാണ്.
എടത്തിരുത്തി പൈനൂർ, പല്ല, മഠത്തിക്കുളം, കോഴിത്തുമ്പ്, അയ്യംപടി കോളനി, നമ്പ്രാട്ടിച്ചിറ, കൂരിക്കുഴി സലഫി സെന്റർ, കാളമുറി കിഴക്കേ ഭാഗം, വഴിയമ്പലം കിഴക്ക് ചളിങ്ങാട് ഓർമ വളവ്, ചളിങ്ങാട് പള്ളി കിഴക്ക് എന്നീ പ്രദേശങ്ങളും വഴിയമ്പലം ഗാർഡിയൻ റോഡ് തുടങ്ങി പ്രധാനപ്പെട്ട റോഡുകളുമെല്ലാം വെള്ളക്കെട്ട് നേരിടുകയാണ്. എറിയാട് പഞ്ചായത്ത് മേഖലയിൽ കടൽ ക്ഷോഭവും ശക്തമാണ്. പ്രദേശത്ത് കടൽ കരയിലേക്ക് കയറി.തീരപ്രദേശത്തെ തോടുകളും പുരയിടങ്ങളും നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. എറിയാട് പഞ്ചായത്തിലെ ലൈറ്റ് ഹൗസ് മുതൽ എടവിലങ്ങ് കാര വാക്കടപ്പുറം വരെയുള്ള പ്രദേശത്താണ് കടലാക്രമണം രൂക്ഷം.കടലേറ്റവും വെള്ളക്കെട്ടും രൂക്ഷമായതോടെ തീരദേശ മേഖലയിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും. നിലവിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂൾ, പെരിഞ്ഞനം ഈസ്റ്റ് യുപി സ്‌കൂൾ, എടവിലങ്ങ് ഫിഷറീസ് സ്‌കൂൾ എന്നിവിടങ്ങളിലായി മൂന്ന് ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്‌കൂളിൽ മൂന്ന് കുടുംബങ്ങളിലായി കുട്ടികളടക്കം 14 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്. കാര ഫിഷറീസിൽ മൂന്ന് കുടുംബങ്ങളിലായി എട്ട് പേരും പെരിഞ്ഞനം ഈസ്റ്റ് യു പി സ്‌കൂളിൽ മൂന്ന് കുടുംബങ്ങളിലായി 14 പേരും ആണുള്ളത്. വെള്ളക്കെട്ടുള്ള പ്രദേശത്തെ ഭൂരിഭാഗം പേരും കോവിഡ് ഭീതിയെ തുടർന്ന് ബന്ധുവീടുകളിലേക്കാണ് താമസം മാറുന്നത്.

Exit mobile version