അനുസ്മരണം:തയ്യാറാക്കിയത് :കെ വി മുരളി മോഹൻ
അഷ്ട വൈദ്യൻ പദ്മഭൂഷൺ ഇ ടി നാരായണൻ മൂസ്സ് അന്തരിച്ചു. പാരമ്പര്യ ആയുർവേദ ചികിത്സ രംഗത്തെ പഴയ തലമുറയിലെ ഒരു പ്രധാന കണ്ണി ആയിരുന്നു അദ്ദേഹം.
1970 ലാണെന്നു തോന്നുന്നു അമ്മാവന്റെ കൂടെ ഠാണാവിലുള്ള വൈദ്യരത്നം ഔഷധശാലയിൽ ഞാൻ ചെല്ലുന്നു. പ്രശനം ഇടക്കിടെ വരുന്ന തൊണ്ട വേദന. അലോപ്പതി മരുന്ന് കഴിച്ചാൽ മാറും, പിന്നെയും വരും. ഔഷധശാലക്കു മുൻപിൽ കിടക്കുന്ന ബെൻസ് കാറ് നോക്കി അമ്മാവൻ പറഞ്ഞു ആള് വന്നിട്ടുണ്ട്. അമ്മാവനെ കണ്ട പാടെ അകത്തേക്ക് വിളിച്ചു അന്നാണ് ഞാൻ ഇ ടി നാരായണൻ മൂസ്സ് എന്ന പ്രശസ്തനായ ആയുർവേദ ആചാര്യനെ ആദ്യമായി കാണുന്നത്. “ടോണ്സില്സ് മുറിച്ചൊന്നും കളയണ്ട പിന്നേം വരും” അദ്ദേഹത്തിന്റെ പ്രത്യേക കൂട്ടായ സ്പെഷ്യൽ നിര്ഗുണ്യാദി എണ്ണ തേക്കുവാൻ തന്നു. ഫലപ്രാപ്തി ഉണ്ടായി എന്ന് പറയാനില്ലല്ലോ.
1980 ലാണെന്നു തോന്നുന്നു വളരെ കാലത്തെ ഇടവേളക്കു ശേഷം ഇരിഞ്ഞാലക്കുട കൂത്തമ്പലത്തിൽ കൂടിയാട്ടം നടത്താൻ നാട്ടുകാരെല്ലാം കൂടി തീരുമാനിച്ചു. ആദ്യമായി കണ്ടത് ശ്രീ നാരായണൻ മൂസ്സിനെ ആയിരുന്നു അദ്ദേഹം നൽകിയ പ്രചോദനം പറഞ്ഞറിയിക്കാൻ വിഷമം. സഹായ സഹകരണങ്ങൾക്കു പുറമെ രണ്ടു മൂന്നു ദിവസം കൂടിയാട്ടം കാണാനും അദ്ദേഹം എത്തുകയുണ്ടായി ( രാത്രി അത്താഴ പൂജ കഴിഞ്ഞാണ് കൂടിയാട്ടം നടത്തുക)
ജോലി സംബന്ധമായി ഹൈദരാബാദിൽ എത്തിയ ശേഷം 1985 കാലത്തു ചില സുഹൃത്തുക്കൾക്ക് ആയുർവേദ മരുന്നുകൾ വേണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹവുമായി ബന്ധപ്പെടുകയും, വേണ്ട മരുന്നുകൾ പാർസൽ ആയി അയച്ചു തരികയുണ്ടായിട്ടുണ്ട്. അന്നെല്ലാം പൊട്ടുന്ന കുപ്പികളിലായിരുന്നു ഔഷധങ്ങൾ വന്നിരുന്നത്. അത് പാർസൽ ചെയ്തു അയക്കാനുള്ള ബുദ്ധിമുട്ടു ഊഹിക്കാമല്ലോ. എങ്കിലും അദ്ദേഹത്തിന്റെ പ്രത്യേക താൽപര്യത്തിൽ മരുന്നുകൾ അയച്ചു തന്നിരുന്നു.
ആയുർവേദത്തെ ആധുനിക കാലവുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിന്റെ അച്ഛൻ ഇ ടി നീലകണ്ഠൻ മൂസ് കാണിച്ച താല്പര്യം ശ്രീ നാരായണൻ മൂസും തുടർന്നിരുന്നു. ഇരിഞ്ഞാലക്കുടക്കാരുടെ ഒരു പ്രത്യേക മമത അദ്ദേഹത്തിനുണ്ടായിരുന്നു. കാരണം എന്താണെന്നോ ഇരിഞ്ഞാലക്കുടയിലെ ഒരു രോഗിയെ ആണ് അദ്ദേഹം സ്വന്തമായി ആദ്യം ചികിൽസിച്ചതു. അത് വരെ അത് വരെ പാരമ്പര്യ പഠന രീതിയിൽ അച്ഛന്റെ സഹായി ആയിരുന്നു. കേന്ദ്രസർക്കാരിന്റെ ആയുർവേദവിദ്യാപീഠം പുരസ്കാരവും കേരളസർക്കാരിന്റെ ആചാര്യശ്രേഷ്ഠ ബഹുമതിയും ലഭിച്ചിട്ടുണ്ട്…….
കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജ്, നഴ്സിങ് കോളേജ്, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റർ ഓഫ് എക്സലൻസ് അംഗീകാരം നേടിയ ആയുർവേദ ഗവേഷണകേന്ദ്രം, ചാരിറ്റി ഹോസ്പിറ്റൽ, ആയുർവേദ മ്യൂസിയം, മൂന്ന് ആയുർവേദ ഔഷധ ഫാക്ടറികൾ, നിരവധി ഔഷധശാലകൾ എന്നിവയടങ്ങുന്ന വലിയൊരു ശൃംഖല ആണ് വൈദ്യരത്നം ഇന്നിപ്പോൾ. കേരളത്തിനെ ആയുർവേദ പാരമ്പര്യം ലോകമെമ്പാടും എത്തിക്കാൻ ശ്രീ നാരായണൻ മൂസ്സ് ചെയ്ത പരിശ്രമം പ്രകീർത്തിക്കപ്പെടേണ്ടതാണ്. ആ മഹത് വ്യക്തിത്വത്തിന് മുൻപിൽ പ്രണാമം