കിഴുത്താണി: ആക്രി ഗോഡൗണിൽ നിന്ന് അലുമിനിയം മോഷണം പോയ സംഭവത്തിൽ മൂന്നു തമിഴ് മോഷ്ടാക്കൾ അറസ്റ്റിലായി. തെങ്കാശി തെക്ക് പനവടലി സ്വദേശികളായ മാടസ്വാമി (37 വയസ്), വിജയരാജ് എന്ന ഉദയകുമാർ (23 വയസ്) , വടക്ക് പനവടലി സ്വദേശി പഴനി സ്വാമി (23 വയസ്) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ് പി. ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ കാട്ടൂർ എസ്.ഐ. വി.വി. വിമലും സംഘവും പിടികൂടിയത്. ജൂലൈ മുപ്പത്തൊന്നാം തിയ്യതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.തമിഴ്നാടു സ്വദേശി വെളിയപ്പൻ എന്നയാളുടെ ആക്രി കട കുത്തി തുറന്ന് എൺപതിനായിരം രൂപയോളം വിലമതിക്കുന്ന പഴയ അലുമിനിയങ്ങൾ ഇവരടങ്ങുന്ന നാലംഗ സംഘം പിക്ക് അപ് വാനിൽ കടത്തി കൊണ്ടുപോകുകയായിരുന്നു.. തൃശൂർ പുത്തൂരിൽ വിൽപന നടത്തി തമിഴ് നാട്ടിലേക്ക് മുങ്ങുവാൻ ശ്രമിച്ച പ്രതികളെ കുറിച്ച് സൂചന ലഭിച്ച പോലീസ് സംഘം മഫ്തിയിലെത്തി തന്ത്ര പരമായി കുടുക്കുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച പിക് അപ് വാൻ ഇന്നലെ തന്നെ നടത്തറയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിലെ ഒരു പ്രതി തമിഴ് നാട്ടിലേക്ക് മുങ്ങിയതായി സൂചനയുണ്ട്. പിടിയിലായ പ്രതികളെ വീഡിയോ കോൺഫറൻസ് വഴി മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കും. അന്വേഷണ സംഘത്തിൽ എസ്.ഐ. ഷാജു എടത്താടൻ, സീനിയർ സി.പി.ഒ.മാരായ പ്രസാദ്, ധനേഷ്, ഇ.എസ്. ജീവൻ, മുരുകദാസ്, സി.പി. ഒമാരായ പ്രദോഷ്, നിഖിൽ ജോൺ, വിജേഷ്, സന്ദീപ് എന്നിവരുമുണ്ടായിരുന്നു.