ഇരിങ്ങാലക്കുട :ജൂലൈ 30 ന് ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പുതിയ സബ്ബ് ജെയിൽ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തിൽ ഠാണാ ജങ്ഷനിലെ ഒഴിയുന്ന ജയിൽ കെട്ടിടം കൂടൽമാണിക്യം ദേവസ്വത്തിന് വിട്ടുനൽകാൻ അധികൃതരോട് ദേവസ്വം ഭരണസമിതി ആവശ്യപ്പെട്ടു.കൂടൽമാണിക്യം ദേവസ്വത്തിൻ്റെ വക സ്ഥലമാണ് പതിറ്റാണ്ടുകളായി സൗജന്യമായി സബ്ബ് ജെയിലിനായി ഉപയോഗിച്ചിരുന്നത്. ജയിലിന് സ്ഥിരം സംവിധാനം തയ്യാറായ സ്ഥിതിക്ക് ഠാണ ജങ്ഷനിലെ വ്യാപാര പ്രാധാന്യമുള്ള സ്ഥലം താമസം കൂടാതെ ദേവസ്വത്തിന് വിട്ടുകിട്ടാൻ നടപടി ഉണ്ടാകണം.ക്ഷേത്ര ജീവനക്കാർക്ക് ശമ്പളം നൽകാനും നിത്യനിദാനത്തിനും വഴിപാടേതര വരുമാനം ഉണ്ടാക്കുകയാണ് വേണ്ടതെന്ന് ഈ ഭരണസമിതിക്ക് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് കച്ചേരിവളപ്പിൽ കെട്ടിടങ്ങൾ നവീകരിച്ചും ഠാണാവിൽ പുതിയ കമേസ്യൽ കെട്ടിടനിർമ്മാണം നടത്തിയും വാടകയ്ക്ക് നൽകിയത്. പ്രതിമാസം ഒന്നര ദശലക്ഷത്തിലേറെ ചിലവുകൾ ഉള്ള ദേവസ്വത്തിന് വ്യാപാരപ്രാധാന്യമുള്ള സ്ഥലത്തു നില്ക്കുന്ന ജയിൽ കെട്ടിടം ഏറ്റവും പെട്ടെന്ന് ഒഴിഞ്ഞുവാങ്ങി നവീകരിച്ച് വാടകാദായം ഉണ്ടാക്കേണ്ടത് ദേവസ്വത്തിൻ്റെ സാമ്പത്തിക ഭദ്രതയ്ക്കും നിലനില്പിന് പോലും അനുപേക്ഷണീയമാണെന്ന് ജൂലൈ 28 ന്ഓൺലൈനിൽ നടന്ന ദേവസ്വം ഭരണസമിതിയോഗം വിലയിരുത്തി.ഈ കെട്ടിടം ഒഴിഞ്ഞുകിട്ടാൻ പല നിവേദനങ്ങൾ മുമ്പ് നൽകിയിട്ടുള്ളതിന് തുടർച്ചയായി കൂടുതൽ സമ്മർദ്ദം ചെലുത്താൻ ജില്ലയിൽ നിന്നുള്ള മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും സഹായം കൂടി തേടാൻ ദേവസ്വം തീരുമാനിച്ചു.ചെയർമാൻ പ്രദീപ് മേനോൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്രഹ്മശ്രീ NPP നമ്പൂതിരിപ്പാട്, ഭരതൻ കണ്ടേങ്ങാട്ടിൽ, അഡ്വ.രാജേഷ് തമ്പാൻ, കെ.ജി. സുരേഷ്, പ്രേമരാജൻ, ഷൈൻ , അഡ്മിനിസ്ട്രേറ്റർ എ എം സുമ എന്നിവർ പങ്കെടുത്തു.