Home NEWS ട്രിപ്പിൾ ലോക്ക്ഡൗൺ: മാർഗ്ഗനിർദ്ദേശം പുറത്തിറക്കി: ലംഘിച്ചാൽ കർശന നടപടി

ട്രിപ്പിൾ ലോക്ക്ഡൗൺ: മാർഗ്ഗനിർദ്ദേശം പുറത്തിറക്കി: ലംഘിച്ചാൽ കർശന നടപടി

ഇരിങ്ങാലക്കുട :ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. വൈദ്യസഹായം, മരണാവശ്യം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ നടപടി സ്വീകരിക്കും. മെഡിക്കൽ ഷോപ്പുകൾ, മിൽമ ബൂത്തുകൾ എന്നിവ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒരു വാർഡിൽ 2 വീതം തുറക്കാവുന്നതാണ്. ഏതെല്ലാം സ്ഥാപനങ്ങൾ തുറക്കണമെന്നത് അതത് തദ്ദേശസ്ഥാപനതലത്തിൽ തീരുമാനിക്കും. നിത്യോപയോഗസാധനങ്ങൾ ആവശ്യമുളളവർ വാർഡ്തല സന്നദ്ധപ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തി ഈ കടകളിൽ നിന്ന് അവ വാങ്ങണം. ഇവയുടെയും പ്രവർത്തനസമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും. റേഷൻകടകൾ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കും. റേഷൻസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്നവർ റേഷൻകാർഡ് കൈയിൽ കരുതേണ്ടതും ആവശ്യപ്പെട്ടാൽ പരിശോധനയ്ക്കായി നൽകേണ്ടതുമാണ്. വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുത്. ആശുപത്രി, നഴ്‌സിങ്ങ് ഹോം, ലാബോറട്ടറി, ആംബുലൻസ്, കെഎസ്ഇബി, വാട്ടർ അതോറിറ്റിയെ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ തദ്ദേശസ്ഥാപനങ്ങളിൽ പൊതുവാഹനഗതാഗതം നിരോധിച്ചു. ദീർഘദൂര ബസ്സുകളും ഇവിടെ ഏർപ്പെടുത്തിയിട്ടുളള ഗതാഗതനിയന്ത്രണം പാലിച്ച് സർവീസ് നടത്തണം. ക്ലസ്റ്റർ മേഖലയിൽ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല. നേരത്തെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങൾ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താം. മരണവീടുകളിൽ 10 പേരിൽ കൂടുതൽ ഒത്തുചേരരുത്. പൊതുസ്ഥലത്ത് കൂട്ടം കൂടാനോ പൊതുപരിപാടികൾ സംഘടിപ്പിക്കാനോ പാടില്ല. ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുന്നതല്ല. അവശ്യസർവീസ് വിഭാഗത്തിൽപ്പെട്ട പോലീസ്, അഗ്നിശമന സേന, വാട്ടർ അതോറിറ്റി, റവന്യൂ, ആരോഗ്യം, ട്രഷറി, തദ്ദേശവകുപ്പുകൾ തടസ്സമില്ലാതെ പ്രവർത്തിക്കും. അവശ്യസർവീസ് അല്ലാത്ത ഓഫീസുകളിൽ അതത് ഓഫീസ് മേധാവികൾ വർക്ക് ഫ്രം ഹോം സൗകര്യമേർപ്പെടുത്തണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി. ജൂലൈ 25 ശനിയാഴ്ച വൈകീട്ട് 5 മണി മുതലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരിക. ഞായറാഴ്ചകളിൽ ജില്ലയിൽ പൊതുലോക്ക്ഡൗൺ നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു

Exit mobile version