ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടക്കാരെ അപകടമുനമ്പിലെത്തിച്ച KSE ലിമിറ്റഡിനെതിരെ ശക്തമായ നടപടിയെടുക്കണം CPl അന്യസംസ്ഥാന തൊഴിലാളികളെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധിക്കാരപൂർണ്ണമായ അശ്രദ്ധ കാണിച്ച് ജോലിയിൽ പ്രവേശിപ്പിച്ച KSE ലിമിറ്റഡ് കമ്പനി ഭാരവാഹികളാണ് ഇരിങ്ങാലക്കുടയിലും പരിസരത്തും കോവിഡ് പരക്കാൻ മുഖ്യപങ്കുവഹിച്ചതെന്ന് CPI ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റി വിലയിരുത്തി.ക്വാറൻ്റൈനിലായിരുന്ന തൊഴിലാളികളുടെ പരിശോധനാ ഫലത്തിന് കാത്തിരിക്കാതെ അവരെ ജോലിയിൽ പ്രവേശിപ്പിക്കുകയെന്ന അക്രമമാണ് KSE കമ്പനിക്കാർ ചെയ്തത്.ജോലിയിൽ പ്രവേശിപ്പിച്ച തൊഴിലാളികളിൽ ചിലർക്ക് രോഗമുണ്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇടപഴകിയ അനേകർ ക്വാറൻ്റൈനിലായി. കമ്പനിയിരിക്കുന്ന പ്രദേശം കണ്ടെയിൻമെൻ്റ് മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അന്ന് രാത്രിഎല്ലാ നിയമവും ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് കമ്പനി ലോറികളിൽ ലോഡ് കയറ്റുന്നതറിഞ്ഞ് നാട്ടുകാർ കൗൺസിലർ എം.സി. രമണൻ, CPI ലോക്കൽ കമ്മിറ്റി സെക്രട്ടറി KS പ്രസാദ് എന്നവരുടെ സാന്നിദ്ധ്യത്തിൽ തടയുകയും പൊലീസിനെ വിളിക്കുകയും ചെയ്തു. പക്ഷെ പൊലീസ് കമ്പനിയധികൃതരുടെ സ്വാധീനത്തിൽ പെട്ട് നടപടിയെടക്കാതിരിക്കയാണ് ഉണ്ടായത്.
KSE കമ്പനിയിലെ ജോലിക്കാർ നഗരത്തിൻ്റെയും പ്രാന്തപ്രദേശങ്ങളുടെയും വിവിധ ഭാഗങ്ങളിൽ താമസിക്കുന്നു. അവരിൽ പലർക്കും രോഗം ഉണ്ടാവുകയും അവരിൽ നിന്ന് സമ്പർക്കം വഴി പലർക്കും രോഗം പടരുകയും ചെയ്തു.ഇപ്പോൾ ഇരിങ്ങാലക്കുടയും പരിസരങ്ങളും ലോക്ഡൗണിലും രോഗവ്യാപന ഭീതിയിലുമായി.ഇരിങ്ങാലക്കുടക്കാരെയും പരിസരവാസികളെയും മുൾമുനയിലും രോഗവ്യാപന ഭീതിയിലും ആക്കുന്നതിൽ മുഖ്യപങ്കുവഹിച്ച KSE ലിമിറ്റഡിനും അതിൻ്റെ ഭാരവാഹികൾക്കുമെതിരെ ശക്തമായ കേസും നടപടിയുമെടുക്കണമെന്നും അവരുടെ പ്രവൃത്തിമൂലം ജോലിക്കു പോകാനാകാതെയും രോഗം ബാധിച്ചും ബുദ്ധിമുട്ടിലായ സകല കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകിക്കാനും അധികൃതരുടെ ഭാഗത്തു നിന്ന് നടപടി സത്വരം ഉണ്ടാകണമെന്നും യോഗം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
അഡ്വ രാജേഷ് തമ്പാൻ അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി കെ എസ് പ്രസാദ്, ബെന്നി വിൻസെൻ്റ്, വർദ്ധനൻ പുളിക്കൽ, കെ.സി. ശിവരാമൻ, എം.സി. രമണൻ, KC മോഹൻലാൽ എന്നിവർ സംസാരിച്ചു.