Home NEWS എൽ.ഡി.എഫ് പ്രതിഷേധ സദസ്സുകൾ മാറ്റിവെച്ചു

എൽ.ഡി.എഫ് പ്രതിഷേധ സദസ്സുകൾ മാറ്റിവെച്ചു

പൊറത്തിശ്ശേരി:സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം ഭീതിജനകമാം വിധം വർദ്ധിക്കുന്ന സാഹചര്യത്തിൽ ,ബഹു കേരള ഹൈക്കോടതി സമര പ്രക്ഷോഭങ്ങൾ തൽക്കാലം നിർത്തിവെക്കാൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ യു.ഡി.എഫ്.നേതൃത്വം നൽകുന്ന ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കും,ഭരണ പരാജയത്തിനുമെതിരെ ജൂലൈ 16 ന് നഗരസഭയിലെ 41 വാർഡുകളിലും എൽ.ഡി.എഫ് നേതൃത്വത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ സദസ്സുകൾ മാറ്റിവെച്ചു.കഴിഞ്ഞ സാമ്പത്തിക വർഷം ഇരിങ്ങാലക്കുട നഗരസഭയുടെ പദ്ധതി അടങ്കൽ 28,80,62,806 രൂപയുടേതായിരുന്നു.എന്നാൽ 2020 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം 10,74,40,088 രൂപ മാത്രമാണ് ചിലവഴിച്ചത്.സ്പിൽ ഓവർ പദ്ധതികൾക്കുൾപ്പെടെ ജനറൽ വിഭാഗത്തിൽ ലഭിച്ച 16,88,47,336 രൂപയിൽ 6,14,54,326 രൂപയാണ് ചിലവഴിച്ചത്. പ്രത്യേക ഘടക പദ്ധതിയിൽ പട്ടിക ജാതി വിഭാഗത്തിന് വേണ്ടി ലഭിച്ച 3,90,36,169 രൂപയിൽ 1,09,61,381 രൂപ ചിലവായപ്പോൾ 2,80,74,788 രൂപ നഗരസഭ പാഴാക്കി.മെയിന്റനൻസ് ഫണ്ട് 8,01,79,301 രൂപ ലഭിച്ചതിൽ 3,50,24,381 രൂപ ചിലവഴിച്ചു. ഈയിനത്തിൽ 4,51,54,920 രൂപ ചിലവഴിച്ചില്ല.മൊത്തം പദ്ധതി അടങ്കലിന്റെ 37.29% മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഇരിങ്ങാലക്കുട നഗരസഭക്ക് ചിലവഴിക്കാനായത്.ഇത് യു.ഡി.എഫ് ഭരണ സമിതിയുടെ കഴിവുകേടിന്റെയും,വികസന വിരുദ്ധതയുടെയും തെളിവാണ്.ഇക്കാര്യങ്ങൾ പൊതുജനങ്ങൾക്കിടയിൽ വിശദീകരിച്ചും,പൊറത്തിശ്ശേരി മേഖലയോട് കാണിക്കുന്ന ചിറ്റമ്മ നയവും,കാർഷിക മേഖലയോടു തുടരുന്ന അവഗണനയും ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചും യു.ഡി.എഫ് ഭരണസമിതിക്കെതിരായ പ്രചാരണവും,പ്രതിഷേധവും എൽ.ഡി.എഫ് തുടർന്നും നടത്തും എന്ന് എൽ.ഡി.എഫ്-പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി കൺവീനർ എം.ബി.രാജുമാസ്റ്റർ,എൽ.ഡി.എഫ് ടൗൺ മേഖലാ കമ്മിറ്റി കൺവീനർ ഡോ.കെ.പി.ജോർജ്ജ് എന്നിവർ അറിയിച്ചു.

Exit mobile version