Home NEWS അന്തർ ജില്ലാ മോഷ്ടാവ് അറസ്റ്റിൽ അറസ്റ്റിലായത് ചുഴലി അഭി

അന്തർ ജില്ലാ മോഷ്ടാവ് അറസ്റ്റിൽ അറസ്റ്റിലായത് ചുഴലി അഭി

മാള :കേരളത്തിലെ ഇരുപതോളം പോലീസ് സ്റ്റേഷനുകളിൽ കളവു കേസിൽ പ്രതിയായ മോഷ്ടാവ് അറസ്റ്റിൽ.കൊട്ടാരക്കര ഏഴുകോൺ സ്വദേശി അഭി വിഹാറിൽ അഭി രാജിനെയാണ് (27 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ആർ. വിശ്വനാഥിന്റെ പ്രത്യേക കുറ്റാന്വേഷണ സംഘാംഗങ്ങളായ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വർഗ്ഗീസ്, ചാലക്കുടി ഡി.വൈ.എസ്.പി. സി.ആർ. സന്തോഷ്, എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സജിൻ ശശി,റൂറൽ ക്രൈം ബ്രാഞ്ച് എസ്.ഐ. എം.പി.മുഹമ്മദ് റാഫി എ.എസ്.ഐ. ജയകൃഷ്ണൻ. മുഹമ്മദ് അഷറഫ്,സീനിയർ സിവിൽ പോലീസുരായ സൂരജ് വി. ദേവ് , ഇ.എസ്. ജീവൻ, മിഥുൻ കൃഷ്ണ, സി.പി.ഒ. എം.വി. മാനുവൽ , എ.എസ്.ഐ തോമസ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ജൂൺ ഒമ്പതാം തിയ്യതി രാവിലെ മാള പള്ളിപ്പുറം സ്വദേശിയുടെ വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് എട്ടു പവൻ സ്വർണ്ണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും കവർച്ച ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ കൊടുങ്ങല്ലൂർ ആനാപ്പുഴയിൽ വീടു കുത്തി തുറന്ന് രണ്ടു ലക്ഷം രൂപയും അന്നമനടയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തിയതും ഇയാളെന്ന് സമ്മതിച്ചിട്ടുണ്ട്. സ്കൂട്ടറിലെത്തി വീടുകളുടെ പിൻ വാതിൽ കുത്തിത്തുറന്ന് പണവും സ്വർണ്ണാഭരണവും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. കേരളത്തിലുടനീളം നിരവധി സ്റ്റേഷൻ പരിധികളിൽ മോഷണ കേസുകളുള്ള ഇയാളെ ആലപ്പുഴ ജില്ലയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുന്നത്തുനാട്, ചോറ്റാനിക്കര പുത്തൻകുരിശ് മുളംതുരുത്തി കുറുപ്പംപടി,കോലഞ്ചേരി, കുന്നിക്കോട് , അഞ്ച ൽ , കടയ്ക്കൽ, വൈക്കം ഏറ്റുമാനൂർ, തിരുവല്ല, ചെങ്ങന്നൂർ , പത്തനംതിട്ട,അരൂർ, മാള, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണ കേസുകൾ ഉണ്ട്. യാത്രക്കിടയിൽ ഏതെങ്കിലും വീട്ടുകാർ വീടുപൂട്ടി ഇറങ്ങുന്നതു കണ്ടാൽ സ്കൂട്ടർ ഒതുക്കി നിറുത്തിയ ശേഷം വീട്ടുകാർ പോയി കഴിഞ്ഞാൽ അകത്തു കയറും. കോളിംങ്ങ് ബെൽ അടിച്ചു ആരുമില്ലന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഓപ്പറേഷൻ . കൂടുതൽ സ്ഥലങ്ങളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ശാന്തനായി എത്തും ഓപ്പറേഷൻ കഴിഞ്ഞാൽ പറക്കും അഭിരാജ് മോഷണത്തിനായി പല വീട്ടു പറമ്പിലും കയറുന്നത് അയൽ വീട്ടുകാർ കണ്ടതായ സംഭവമുണ്ടെങ്കിലും ഇയാളുടെ ശാന്തമായ ശൈലി ആ വീട്ടുകാരുടെ ബന്ധുക്കളോ വേണ്ടപ്പെട്ടവരെന്നോ പോലെ ആയിരുന്നു. നാലോളം ജില്ലകളിൽ കറങ്ങി മോഷണം നടത്തിയിരുന്ന ഈ വിരുതൻ പല ജില്ലകളിലും പോലീസിന് തലവേദനയായിരുന്നു.
ഒരു മോഷണത്തിന് ഒരാഴ്ച റെസ്റ്റ് എന്നതാണ് അഭി രാജിന്റെ രീതി. മോഷണ ശേഷം പലപ്പോഴും ബാംഗ്ലൂരും ഡൽഹിയിലും കറങ്ങി നടക്കുന്ന പ്രകൃതമാണ്. മുൻപ് ഒരിക്കൽ തന്നെ പിടിക്കാനെത്തിയ പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ ബൈക്കിൽ ബാംഗ്ലൂർക്ക് കടന്ന് മാസങ്ങൾ കഴിഞ്ഞാണ് നാട്ടിലെത്തിയത്. അതുകൊണ്ടു തന്നെ തന്ത്ര പരമായി ആയിരുന്നു പോലീസ് നീക്കം .

Exit mobile version