Home NEWS മുനയം വെർട്ടിക്കൽ ആക്സിസ് പമ്പ്സെറ്റ് നാടിനായി സമർപ്പിച്ചു

മുനയം വെർട്ടിക്കൽ ആക്സിസ് പമ്പ്സെറ്റ് നാടിനായി സമർപ്പിച്ചു

കാട്ടൂർ: ഗ്രാമപഞ്ചായത്തിലെ 6 വാർഡുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് തൃശ്ശൂർ ജില്ല പഞ്ചായത്തും കാട്ടൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി കരുവന്നൂർ പുഴയിൽ മുനയത്ത് സ്ഥാപിച്ച അകംപാടം-പുറംപാടം വെർട്ടിക്കൽ പമ്പ്സെറ്റ് നാടിനായി സമർപ്പിച്ചു.നിലം-കര കൃഷികൾക്ക് ഒരുപോലെ പ്രയോജനം നൽകുന്ന ജലസേചന പദ്ധതിയിലൂടെ മുഖ്യമായും അകംപാടം-പുറംപാടം നെൽകൃഷിക്കും, വാർഡ് 1,2,4,5,14 വാർഡുകളിൽ പൂർണമായും 3,6 വാർഡുകളിൽ ഭാഗികമായും കര കൃഷിക്കും, അതിലൂടെ കിണറുകളിലെയും ജലാശയങ്ങളിലെയും ഭൂഗർഭ ജലവിതാനം ശരാശരിയിൽ നിലനിർത്തുന്നതിനും ആണ് ഈ പദ്ധതി അവലംഭിച്ചിട്ടുള്ളത്.വേനൽക്കാലത്ത് ഈ സ്ഥലങ്ങളിലെ കൃഷിക്ക് ജലലഭ്യതയിൽ പൊതുവേ കുറവ് അനുഭവപ്പെടാറുണ്ട്.ഡിസംബർ അവസാനത്തോടെ കനോലികനാലിൽ ഉപ്പ് കയറുന്നതിനാൽ കരുവന്നൂർ പുഴക്ക് കുറുകെ മുനയം ഭാഗത്ത് ബണ്ട് കെട്ടുകയും,പുഴയിലേക്കുള്ള മറ്റ് വഴികൾ ചീപ്പ് കെട്ടി അടക്കുകയും ചെയ്യുന്നതോടെ ശുദ്ധജല ലഭ്യത പരിപൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയാണ് ഇവിടങ്ങളിൽ കണ്ടുവരാറുള്ളത്.അതിനാണ് ഇന്ന് ശാശ്വത പരിഹാരം ഉണ്ടായിരിക്കുന്നത്. പ്രളയ പുനർനിർമാണത്തിന് പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ട് തൃശ്ശൂർ ജില്ല പഞ്ചായത്ത് വിവിധങ്ങളായ പദ്ധതികൾ ആണ് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്.ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷിന്റെ അഭ്യർത്ഥനയെ തുടർന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റും കാട്ടൂർ ഡിവിഷൻ മെമ്പറുമായ എൻ.കെ .ഉദയപ്രകാശിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ഈ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചത്.ഈ ഭരണസമിതിയുടെ തുടക്കത്തിൽ പ്രസിഡന്റായിരുന്ന മനോജ് വലിയപറമ്പിൽ ഈ പദ്ധതിക്ക് വേണ്ടി പ്രയത്നിച്ചിരുന്നു.13 ലക്ഷം അടങ്കൽ തുക ചിലവഴിച്ചു പൂർത്തിയാക്കിയ പദ്ധതിയിൽ 12 ലക്ഷം ജില്ല പഞ്ചായത്തും 1 ലക്ഷം രൂപ കാട്ടൂർ ഗ്രാമ പഞ്ചായത്തുമാണ് വഹിക്കുന്നത്.ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് എൻ.കെ.ഉദയപ്രകാശ് സ്വിച്ച്‌ഓൻ കർമ്മവും ചടങ്ങിന്റെ ഉൽഘാടനവും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.വി.ലത സ്വാഗതവും 9ആം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മനോജ് വലിയപറമ്പിൽ നന്ദിയും പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ,വിവിധ വാർഡ് മെമ്പർമാർ,അസിസ്റ്റന്റ് എൻജിനീയർ,ഓവർസീയർമാർ, പാടശേഖര സമിതികളിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version