തൃശൂർ :കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ നാല് പ്രദേശങ്ങൾ കൂടി കണ്ടെയ്‌മെൻറ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ആകെ പത്ത് കണ്ടെയ്‌മെൻറ് സോണുകളായി.വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകൾ, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകൾ, ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജിൽ ഉൾപ്പെട്ടുവരുന്ന ഭാഗങ്ങൾ (ഒന്ന് മുതൽ നാല് വരെയും 16 മുതൽ 32 വരെയുമുള്ള വാർഡുകൾ), തൃശൂർ കോർപറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകളും 41ാം ഡിവിഷനും ഉൾപ്പെട്ട പ്രദേശം എന്നിവയെയാണ് പുതുതായി കണ്ടെയ്‌മെൻറ് സോണുകളാക്കിയത്.ഇവിടങ്ങളിൽ ദുരന്തനിവാരണ നിയമപ്രകാരവും ക്രിമിനൽ നടപടി നിയമസംഹിതയിലെ വകുപ്പ് 144 പ്രകാരവും കോവിഡ് 19 അധിക പ്രതിരോധ പ്രതികരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യസർവീസുകൾ മാത്രമേ ഇവിടെ അനുവദിക്കൂ. അടിയന്തിരാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കരുത്.നേരത്തെ, വടക്കേകാട്, അടാട്ട്, അവണൂർ, ചേർപ്പ്, തൃക്കൂർ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതൽ പത്ത് വരെയും 32 മുതൽ 41 വരെയുമുളള വാർഡുകളും കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.