Home NEWS ‘കേരം മുകുന്ദപുരം’ പദ്ധതി ഉദ്ഘാടനം ചെയ്തു

‘കേരം മുകുന്ദപുരം’ പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘കേരം മുകുന്ദപുരം പദ്ധതി’ മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അങ്കണത്തില്‍ ചെന്തെങ്ങിന്‍ തൈകള്‍ നട്ടുകൊണ്ട് ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത പരിപാടിയില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷപദം അലങ്കരിച്ചപ്പോള്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.സി അജിത് സ്വാഗതം ആശംസിക്കുകയും, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഒ ഡേവീസ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ കമ്മറ്റി അംഗങ്ങളായ രവി കെ.ആര്‍, ജോസഫ് ചാക്കോ, പ്രദീപ് സി.വി, എം.എസ് മൊയ്തീന്‍, എം.വി ഗംഗാധരന്‍, ജെയിംസ് കെ.സി , ഷാജു വി.ഒ, ജിനി എ.എസ് , ലളിത ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും കമ്മറ്റി അംഗം പി.സി ശശി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
പുതിയതായി ചാര്‍ജെടുത്ത മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ബൃഹത്തായ വാര്‍ഷിക പദ്ധതികളുടെ ഭാഗമായ ആദ്യ സംരംഭമാണ് കേരം മുകുന്ദപുരം പദ്ധതി. സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ കാല്‍ ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം . ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മുതല്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്റെ അതിര്‍ത്തിയില്‍ തെങ്ങിന്‍ തൈ നട്ട് കൊണ്ടും , കര്‍ഷകര്‍ക്ക് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തുകൊണ്ടും സഹകരണ സംഘങ്ങള്‍ ഈ പദ്ധതിയില്‍ പങ്കാളികളാകുന്നു.ഏറ്റവും മികച്ച രീതിയില്‍ ‘കേരം മുകുന്ദപുരം പദ്ധതി’ നടപ്പിലാക്കുന്ന പ്രാഥമിക കാര്‍ഷിക കാര്‍ഷികേതര സംഘങ്ങള്‍, വിവിധോദ്ദേശ സംഘങ്ങള്‍,ക്ഷീര സംഘങ്ങള്‍ വ്യവസായ സംഘങ്ങള്‍, എന്നീ വിഭാഗങ്ങളിലായി പ്രത്യേകം അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും. കേരം മുകുന്ദപുരം പദ്ധതി വിജയകരമാക്കുന്നതിന് കര്‍ഷക പ്രമുഖര്‍ ഉള്‍പ്പെടുന്ന നീരീക്ഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

Exit mobile version