Home NEWS കൊറോണക്കാലത്ത് വിദ്യാർത്ഥികളെ വലച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി

കൊറോണക്കാലത്ത് വിദ്യാർത്ഥികളെ വലച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി

ഇരിങ്ങാലക്കുട :സംസ്ഥാനം ഏറെ ഭീതിയിലൂടെ നീങ്ങികൊണ്ടിരിക്കുമ്പോഴാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥികളെ കിലോമീറ്ററുകളോളം യാത്ര ചെയ്യിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചിരിക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്. ജൂൺ 1 മുതലാണ് പ്രൊജക്റ്റ് സമർപ്പിക്കേണ്ടത്. പതിവിനു വിപരീതമായി വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകും എന്ന അവകാശവാദമുന്നയിച്ചാണ് തെരഞ്ഞെടുത്ത ചില പാരലൽ കോളേജടക്കമുള്ള കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളോട് പ്രൊജക്റ്റ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തികച്ചും അശാസ്ത്രീയവും കുട്ടികളെ ദുരിതത്തിലാക്കുന്നതുമായ തീരുമാനമാണ് യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇരിങ്ങാലക്കുട സെന്ററായി അപേക്ഷിച്ച വിദ്യാർത്ഥികളോട് 70 കിലോമീറ്റർ ദൂരത്തുള്ള വടക്കേക്കാട് സെന്ററിലാണ് പ്രൊജക്റ്റ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. അങ്ങനെയാണെങ്കിൽ പൊതുഗതാഗതം പോലും പൂർണ്ണമായി ലഭ്യമാകാത്ത ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾ അങ്ങോട്ടുമിങ്ങോട്ടുമായി 140 കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരും. ഇതേ അവസ്ഥ മറ്റു സ്ഥലങ്ങളിൽ അപേക്ഷിച്ച വിദ്യാർത്ഥികൾക്കും സംഭവിച്ചിട്ടുണ്ട്. യാതൊരു യുക്തിയും കൂടിയാലോചനകളും ഇല്ലാതെയുള്ള ഇത്തരം തീരുമാനങ്ങൾ ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മാത്രമല്ല സമൂഹത്തിനും അപകടകരമാണെന്ന് അധികൃതർ തിരിച്ചറിയണമെന്ന് തൃശൂർ ജില്ലാ പാരലൽ കോളേജ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഓൺലൈൻ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബിഫ്മി ജോഷി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്ധ്യ റാണി ,വൈസ് പ്രസിഡന്റ് ആർ.എസ്സ് ബഷീർ, ട്രഷറർ ജോൺസൺ എന്നിവർ പങ്കെടുത്തു..

Exit mobile version