സംസ്ഥാനത്ത് ആപ്പ് വഴിയുള്ള മദ്യ വില്‍പ്പന നാളെ മുതല്‍ തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.ടോക്കണ്‍ ഇല്ലാത്തവര്‍ക്ക് മദ്യം നൽകില്ലെന്നും മന്ത്രി പറഞ്ഞു.രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മാത്രമായിരിക്കും മദ്യ വിതരണം.ക്യൂവില്‍ ഒരു സമയം അഞ്ച് പേര്‍ മാത്രമായിരിക്കും. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും അനുസരിക്കണം.ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പില്‍ കൈകഴുകുന്നതിന് അടക്കമുള്ള ക്രമീകരണം നടത്തും. ഒരാള്‍ക്ക് നാല് ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും മദ്യം ലഭിക്കുക.സംസ്ഥാനത്ത് 301 കണ്‍സ്യൂമര്‍ഫെഡ് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ മദ്യം ലഭിക്കും. 612 ബാര്‍ ഹോട്ടലുകളാണുള്ളത്.ഇതില്‍ 576 ബാര്‍ ഹോട്ടലുകളാണ് സര്‍ക്കാരിന്റെ പുതിയ സംവിധാനത്തിലൂടെ മദ്യം നല്‍കാന്‍ തയ്യാറായിരിക്കുന്നത്.ഇതിലൂടേയും മദ്യം വാങ്ങാം. ഇവിടെ പ്രത്യേക കൗണ്ടറുകളുണ്ടാവും. എന്നാല്‍ ഇരുന്ന് കഴിക്കാനുള്ള സംവിധാനമുണ്ടാവുകയില്ലെന്നും മന്ത്രി പറഞ്ഞു.കണ്ടൈന്‍മെന്റ് സോണിലും റെഡ് സോണിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.