ഇരിങ്ങാലക്കുട:കോവിഡ്-19 ൻറെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുള്ള കുമ്പസാരം ക്രൈസ്തവ സഭയിൽ ഒരു ചോദ്യചിഹ്നമായ സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നൂതന സംവിധാനം ഒരുക്കി തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്. ഇപ്പോൾ നിലവിലുള്ള കുമ്പസാരക്കൂടുകളിൽ വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഘടിപ്പിക്കാവുന്ന തരത്തിലാണ് ഹെഡ് സെറ്റും മൈക്കും അനുബന്ധ ഉപകരണങ്ങളും അടങ്ങുന്ന പുതിയ സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. വിശ്വാസിയും പുരോഹിതനും തമ്മിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമുള്ള സുരക്ഷിത അകലം പാലിച്ചു കൊണ്ടും എന്നാൽ കുമ്പസാരത്തിന്റെ രഹസ്യസ്വഭാവം നിലനിർത്തി ഏറ്റവും വ്യക്തമായി ശബ്‌ദ വിനിമയം നടത്താൻ ഈ സംവിധാനത്തിന് സാധിക്കും. കുമ്പസാരിക്കുന്ന വിശ്വാസിയിൽ നിന്ന് മൈക്ക് സുരക്ഷിതമായ അകലത്തിൽ ഘടിപ്പിച്ചിട്ടുള്ളതിനാൽ മൈക്ക് വഴി മറ്റുള്ളവരിൽ നിന്നും രോഗാണുക്കളുടെ സംക്രമണം ഉണ്ടാകാതെ തടയാനും കഴിയും. കോവിഡിന്റെ പശ്ചാത്തലത്തിൽ വായു സഞ്ചാരമുള്ള തുറസ്സായ സ്ഥലത്ത് കുമ്പസാര വേദി സജീകരിക്കുന്നതിന് അനുയോജ്യമാണ് ഇൗ പുതിയ ഉപകരണം. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം വികസിപ്പിച്ചെടുത്ത ഇൗ പദ്ധതിയിൽ ലബോറട്ടറി അദ്ധ്യാപകൻ ശ്രി. ടി എം സനലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ ആൽഡ്രിൻ വർഗീസ് , അശ്വിൻ കെ എസ് തുടങ്ങിയവർ പങ്കാളികളായി. ഇൗ പുതിയ സംവിധാനം ഇപ്പോൾ സഭാധികാരികളുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ് .കണ്ണൂർ മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയ്ക്ക് എത്തുന്നവർക്ക് നിർദ്ദേശം നല്കാൻ റോബോട്ടി നെ നിർമിച്ചു നൽകിയും ഇരിങ്ങാലക്കുടയിൽ സാനിടൈസിംഗ് ചേമ്പറുകൾ നിർമിച്ചു നൽകിയും മാതൃകയായ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് കോവിഡ് പ്രതിരോധ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തി വരികയാണ്. വിശദ വിവരങ്ങൾക്ക് ഫോൺ: 9740641930