താണിശ്ശേരി: കാറളം പഞ്ചായത്തിലെ താണിശ്ശേരിയില്‍ പൊതുകിണര്‍ മൂടിയനിലയില്‍ കണ്ടെത്തി. താണിശ്ശേരി വടക്കേ കാവല്‍പുര സെന്ററിലുള്ള പൊതുകിണറാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ മണ്ണിട്ട് മൂടിയത്. ഏകദേശം 100 വര്‍ഷം പഴക്കമുള്ള ഈ കിണര്‍ മുന്‍കാലങ്ങളില്‍ പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുന്‍ കാലത്ത് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കിണര്‍ അറ്റകുറ്റപണി നടത്തി നവീകരിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. കിണര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നും കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് പറഞ്ഞു. പൊതുകിണര്‍ മണ്ണിട്ട് മൂടിയ സംഭവത്തില്‍ സി.പി.ഐ. പ്രതിഷേധിച്ചു. രാജ്യത്താകമാനം തണ്ണീര്‍ത്തടങ്ങളും, കുളങ്ങളും, ജലസ്രോതസ്സുകളും സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് ഭരണകൂടങ്ങള്‍. ഇതിനിടയില്‍ ഇതുപോലെ പൊതുകിണറുകള്‍ നശിപ്പിച്ച നടപടിയെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സി.പി.ഐ. കാറളം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു