ഇരിങ്ങാലക്കുട:ഇതര സംസ്ഥാനത്തുനിന്നും എത്തുന്നവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുവാൻ തിരഞ്ഞെടുത്ത ഇരിങ്ങാലക്കുടയിലെ ഠാണ കോളനിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ ആളുകളെ താമസിപ്പിക്കുന്നതിൽ ആശങ്ക ഉയർത്തി പ്രദേശവാസികൾ രംഗത്ത്. തങ്ങളെ അറിയിക്കാതെയാണ് വാർഡ് കൗൺസിലർ ലോഡ്ജ് തിരഞ്ഞെടുത്ത് നൽകിയതെന്ന ആരോപണവുമായാണ് നാട്ടുകാർ രംഗത്ത് വന്നത്.
ഠാണ കോളനിക്ക് സമീപമുള്ള മരിയം ലോഡ്ജിലാണ് കേരളത്തിലേക്ക് എത്തുന്ന വരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുവാൻ തിരഞ്ഞെടുത്തത്. വാർഡ് കൗൺസിലറുടെ അറിവോടെയാണ് ഇതെന്നും ഇത് കൗൺസിലറോ ആരോഗ്യവിഭാഗമോ അറിയിച്ചില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് ക്വാറന്റൈനിൽ താമസിപ്പിക്കാൻ സമ്മതിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവമറിഞ്ഞെത്തിയ വാർഡ് കൗൺസിലർ പി. വി ശിവകുമാറുമായി നാട്ടുകാർ വാക്കുതർക്കത്തിലായി. സംഭവ സ്ഥലത്ത് പോലീസ് എത്തി കാര്യങ്ങൾ പ്രദേശവാസികളെ പറഞ്ഞു മനസ്സിലാക്കുവാൻ ശ്രമിക്കുകയും ചെയ്തു എന്നാൽ താങ്കൾ ഇതിൽ നിന്ന് പിൻമാറില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ആളുകളെ ക്വാറന്റൈനിൽ താമസിപ്പിക്കാനുള്ള സ്ഥലമായി ഈ ലോഡ്ജ് തിരഞ്ഞെടുത്തത് തൻറെ നിർദ്ദേശപ്രകാരം അല്ലെന്നും തഹസിൽദാറും ആരോഗ്യ വിഭാഗവും ചേർന്നാണ് സ്ഥലങ്ങൾ തിരഞ്ഞെടുത്തത് എന്നും കൗൺസിലർ പി . വി ശിവകുമാർ പറഞ്ഞു.ഈ സ്ഥലം തിരഞ്ഞെടുത്തപ്പോൾ നാട്ടുകാരുടെ ആശങ്ക ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് പറഞ്ഞതായി കൗൺസിലർ പറഞ്ഞു. പ്രവാസികൾ നാട്ടിൽ എത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് ക്വാറന്റൈനിൽ ആളുകളെ പാർപ്പിക്കുന്നതിലുള്ള ആശങ്കയാണ് താങ്കൾക്ക് ഉള്ളതെന്നും പ്രദേശവാസികൾ പറഞ്ഞു. ഈ സംഭവത്തെ തുടർന്ന് ജില്ലാ കലക്ടർക്കും പട്ടികജാതി ഡെവലപ്മെൻറ് ഓഫീസർക്കും പരാതി നൽകാൻ ഇരിക്കുകയാണ് പ്രദേശവാസികൾ.