Home NEWS ഹോമിയോ പ്രതിരോധ മരുന്നുകൾ: ജില്ലയിൽ സൗജന്യവിതരണം വ്യാപമാക്കും

ഹോമിയോ പ്രതിരോധ മരുന്നുകൾ: ജില്ലയിൽ സൗജന്യവിതരണം വ്യാപമാക്കും

തൃശ്ശൂർ :കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ മനുഷ്യരുടെ പൊതുവായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുളള മരുന്നുകൾ വിതരണം ചെയ്യാൻ ജില്ലാ ഹോമിയോപ്പതി വകുപ്പ് തീരുമാനിച്ചു. ഇതിന് ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര ആയുഷ് വകുപ്പിന്റെ നിർദ്ദേശമനുസരിച്ചാണ് മരുന്ന് വിതരണം.ഹോമിയോ ഡിസ്‌പെൻസറി ഇല്ലാത്ത പ്രദേശത്ത് പഞ്ചായത്ത് ആവശ്യപ്പെടുന്ന മുറക്ക് മരുന്ന് എത്തിച്ചു നൽകും. വാർഡ് മെമ്പർമാരുടെയും ആശാവർക്കർമാരുടെയും സഹകരണത്തോടെ മരുന്ന് വിതരണം ഏകോപിപ്പിക്കും. ഓരോ ഡിസ്പെൻസറികളും മരുന്ന് വിതരണം ഉറപ്പാക്കും.പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിൽ 10 പഞ്ചായത്തുകളിൽ പൂർണ്ണമായും മരുന്ന് വിതരണം നടത്തിയിരുന്നു. സൗജന്യമായാണ് പ്രതിരോധ മരുന്നുകൾ നൽകിവരുന്നത്. ഒരു മാസത്തേക്കുള്ള മരുന്നാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ജില്ലയിലെ 53 ഡിസ്പെൻസറികളിലും 37 എൻ എച്ച് എം ഡിസ്പെൻസറികളിലും 8 എസ് സി ഡിസ്‌പെൻഡറികളിലും പ്രതിരോധ മരുന്ന് ലഭ്യമാണ്. കോവിഡ് കാലത്ത് വിവിധ പ്രായക്കാർക്കായി ടെലി കൗൺസിലിങ് സൗകര്യവും ഹോമിയോപ്പതി വകുപ്പ് നൽകിവരുന്നു. മദ്യാസക്തി ഉള്ളവർക്ക് വേണ്ട കൗൺസിലിങ് പുനർജ്ജനി പദ്ധതി പ്രകാരം ജില്ലാ ഹോമിയോ ആശുപത്രിയിൽ നടന്നുവരുന്നു.ആഴ്ചയിൽ രണ്ട് ദിവസമുണ്ടായിരുന്ന കൗൺസിലിങ് കോവിഡ് 19 ന്റെ സാഹചര്യത്തിൽ എല്ലാ ദിവസവുമാക്കി. രാവിലെ 9 മുതൽ ഉച്ചക്ക് രണ്ട് വരെ 97 45 83 28 79 എന്ന നമ്പറിൽ ടെലി കൗൺസിലിങ്ങിനായി ബന്ധപ്പെടാം. കുട്ടികൾക്കും കൗമാരക്കാർക്കും സദ്ഗമയ പദ്ധതിയിലൂടെയും സ്ത്രീകൾക്കായി സീതാലയം പദ്ധതിയിലൂടെയും വൈറസ് വ്യാപനത്തിന്റെ ഭാഗമായി ടെലി കൗൺസിലിങ് നൽകുന്നു.ജില്ലാ പഞ്ചായത്ത് ഫണ്ട് ലഭിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് ഡി. എം ഒ ഡോ. ഡി. സുലേഖ പറഞ്ഞു. ഹോമിയോ പ്രതിരോധ മരുന്നുകൾ ജില്ലയിൽ എല്ലാവരിലേക്കും എത്തിക്കുകയാണ് ഹോമിയോ വകുപ്പിന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

Exit mobile version