Home NEWS മടങ്ങിയെത്തുന്ന പ്രവാസികളുടെ നിരീക്ഷണം: ഒരുക്കങ്ങൾ അതിവേഗത്തിൽ

മടങ്ങിയെത്തുന്ന പ്രവാസികളുടെ നിരീക്ഷണം: ഒരുക്കങ്ങൾ അതിവേഗത്തിൽ

തൃശൂർ :ലോക് ഡൗണിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുളള സൗകര്യങ്ങൾ ഒരുക്കുന്നതിനുളള തയ്യാറെടുപ്പ് അതിവേഗത്തിൽ. നാട്ടിലേക്ക് വരുന്നവരുടെ രജിസ്‌ട്രേഷൻ നോർക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച പശ്ചാത്തലത്തിലാണ് നേരത്തെ ആരംഭിച്ച ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം ഊർജ്ജിതമാക്കിയത്. ഇത് സംബന്ധിച്ച് പ്രത്യേക അവലോകനം യോഗം ഡെപ്യൂട്ടി കളക്ടറും നോഡൽ ഓഫീസറുമായ കെ മധുവിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ആയുഷ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.വ്യോമഗതാഗതം തുറന്നാൽ വയോജനങ്ങൾ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ, ജയിൽമോചിതർ, വിസാ കാലാവധി തീർന്നവർ എന്നിവരെയാണ് ആദ്യഘട്ടത്തിൽ നാട്ടിലെത്തിക്കുക.തിരികെയെത്തുന്ന പ്രവാസികളുടെ എണ്ണവും വരുന്ന തിയ്യതിയും സംബന്ധിച്ച അന്തിമവിവരങ്ങൾ ലഭിക്കുന്നതിന് മുമ്പുതന്നെ പരമാവധി സജ്ജീകരണങ്ങൾ ഒരുക്കും. തിരിച്ചെത്തുന്ന പ്രവാസികളിൽ അസുഖ ലക്ഷണങ്ങളുള്ളവരെ എയർപോട്ടിൽനിന്നും നേരിട്ട് കോവിഡ് കെയർ സെന്ററുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. ഇതിനാവശ്യമായ ഇടം കണ്ടെത്തുന്നത് അടക്കമുള്ള കാര്യങ്ങൾ ആദ്യഘട്ടത്തിൽ പരിശോധിക്കും. വീടുകളിൽ ക്വാറന്റൈൻ സൗകര്യമൊരുക്കാൻ കഴിയാത്ത പ്രവാസികൾക്കായി സർക്കാർ സ്ഥലം കണ്ടെത്തും. സ്വകാര്യ ഹോട്ടൽ മുറികൾ, റിസോർട്ടുകൾ, കോളേജ് ഹോസ്റ്റലുകൾ എന്നിവിടങ്ങൾ ഇതിനുവേണ്ടി പ്രയോജനപ്പെടുത്തും. കണ്ടെത്തിയ ഇടങ്ങളിൽ ശുചിമുറികൾ അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയാകും ഏറ്റെടുക്കൽ നടപടികൾ. പെയ്ഡ്, അൺപെയ്ഡ് വിഭാഗങ്ങളായി തരം തിരിച്ചാണ് പാർപ്പിടങ്ങൾ പ്രവാസികൾക്ക് അനുവദിക്കുക.അർധസർക്കാർ, സന്നദ്ധസംഘടനകൾ, മതസംഘടനകൾ എന്നിവയുടെ സേവനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തും. ഏഴ് താലൂക്കുകളിലെ തഹസീൽദാർമാരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

Exit mobile version