തൃശൂർ: കോവിഡ് 19 പ്രതിരോധ നടപടികൾക്കായി ജില്ലയിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ച (ഏപ്രിൽ 27) വരെ ലഭിച്ചത് 69,09,317 രൂപ. ചെക്ക്, ഡിഡി ഇനത്തിൽ 67,94,164 രൂപയും പണമായി 1,15,153 രൂപയുമാണ് ലഭിച്ചത്. തിങ്കളാഴ്ച (ഏപ്രിൽ 27) മാത്രം 3,14,700 രൂപ ലഭിച്ചു. ഇതിൽ 3,05,000 രൂപ ചെക്ക്, ഡിഡി എന്നിവ വഴിയും 9700 രൂപ പണമായും ലഭിച്ചു. ഏപ്രിൽ 5 മുതലാണ് കോവിഡ് പ്രതിരോധ നിധിയെന്ന പേരിൽ കളക്ടറേറ്റിൽ പണം സ്വീകരിച്ചു തുടങ്ങിയത്. ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവന നൽകുന്നത്. മിക്കവരും കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് നേരിട്ട് തുക കൈമാറുകയാണ് പതിവ്. ദുരിതാശ്വാസനിധിയിലേക്കുളള സംഭാവനകൾ സ്വീകരിക്കുന്നതിനും തുടർനടപടികൾക്കുമായി കളക്ടറേറ്റിൽ മൂന്ന് പേരടങ്ങിയ പ്രത്യേക ഡസ്ക് പ്രവർത്തിക്കുന്നുണ്ട്. പണം നേരിട്ട് ഈ ഡസ്കിൽ നൽകി രശീതി വാങ്ങാവുന്നതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയാവുന്ന തുകകൾ നൽകി കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കണ്ണിചേരുകയാണ് തൃശൂർ ജില്ലയിലെ നാട്ടുകാർ.