കുഴിക്കാട്ടുകോണം:ലോക്ഡൗണിന്റെ വിരസതക്ക് വിരാമമിടാൻ അനുഷയെന്ന ചരിത്ര വിദ്യാർത്ഥിനി കണ്ടെത്തിയത് ചിത്രപ്പണികളും,കരകൗശല വസ്തുക്കളുടെ നിർമ്മാണവും.പരീക്ഷകളെല്ലാം മാറ്റിവെക്കപ്പെടുകയും,അവധിക്കാലം വീടിനുള്ളിൽതന്നെ കഴിയേണ്ടിവരികയും ചെയ്യുന്ന ഈ സമയം ഒഴിഞ്ഞ ചില്ലുകുപ്പികൾ,നൂലുകൾ,മുത്തുമണികൾ,തൂവലുകൾ തുടങ്ങിയ വൈവിധ്യമാർന്ന വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങളും,അലങ്കാര വസ്തുക്കളും നിർമ്മിച്ച് ഇക്കാലഞ്ഞെ വിരസതയകറ്റുകയാണ് ഈ മിടുക്കി.കുപ്പികളിലെ ചിത്രപ്പണികൾ,ത്രെഡ് വർക്ക്,ഡ്രീം ക്യാച്ചർ,വാൽക്കണ്ണാടി,ഗണപതി മുഖങ്ങൾ,പൂക്കൾ തുടങ്ങി വൈവിധ്യമാർന്ന കൗതുക വസ്തുക്കളാണ് നിർമ്മിച്ചിട്ടുള്ളത്.ബന്ധുക്കളും,സുഹൃത്തുക്കളുമായി നിരവധിപേരാണ് അനുഷയുടെ സൃഷ്ടികൾ വാങ്ങിയിട്ടുള്ളത്.ഇതിനോടകം 10,000 രൂപയിലധികം ഇവയുടെ വില്പനയിലൂടെ നേടാൻ കഴിഞ്ഞു.ഇരിങ്ങാലക്കുട ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ എഫ്.എ.ഡി കോഴ്സ് ചെയ്തപ്പോൾ ലഭിച്ച പരിശീലനത്തിന്റെ അനുഭവവും,ബന്ധുവായ ഒരു അമ്മൂമ്മ നൽകിയ പാഠങ്ങളും ആണ് ഇവയുടെ നിർമ്മാണത്തിന് പ്രേരകമായതെന്ന് ഈ കുട്ടി പറയുന്നു.കൂടാതെ യൂ ട്യൂബ് വഴിയും കാര്യങ്ങൾ പഠിച്ചാണ് തന്റെ കരവിരുത് ഇവർ പ്രകടമാക്കുന്നത്.കുഴിക്കാട്ടുകോണം ഇത്തിക്കുളം ക്ഷേത്രത്തിനടുത്ത് നമ്പിട്ടിയത്ത് ബാലകൃഷ്ണൻ-രേഖ ദമ്പതികളുടെ മകളും,ഇരിങ്ങാലകുട സെന്റ് ജോസഫ്സ് കോളേജ് രണ്ടാം വർഷ ചരിത്ര ബിരുദ വിദ്യാർത്ഥിനിയുമായ അനുഷ ഇപ്പോൾ സ്വന്തം പാടത്ത് വിളഞ്ഞ നെൽക്കതിരുകൾ ശേഖരിച്ച് മനോഹരമായ ‘കതിർക്കുല’ കൾ ഉണ്ടാക്കുന്ന തിരക്കിലാണ്.