Home NEWS മജീദ് ഇനിയും ജീവിക്കും ആറ് പേരിലൂടെ

മജീദ് ഇനിയും ജീവിക്കും ആറ് പേരിലൂടെ

കൊടുങ്ങല്ലൂർ :മത്സ്യ തൊഴിലാളി നേതാവും മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സി.കെ. മജീദ് (54) ഇനി 6 പേരിലൂടെ ജീവിക്കും. റോഡപകടത്തെ തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മജീദ് മസ്തിഷക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. കരള്‍, വൃക്ക, 2 കണ്ണുകള്‍, 2 ഹൃദയ വാല്‍വുകള്‍ എന്നവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും കരള്‍ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഹൃദയ വാല്‍വുകള്‍ ശ്രീ ചിത്രയ്ക്കും കോര്‍ണിയ ഗവ. കണ്ണാശുപത്രിയ്ക്കുമാണ് നല്‍കിയത്. ജനങ്ങള്‍ക്കായി ജീവിച്ചയാളാണ് മജീദ്. അവരുടെ കുടുംബത്തിന്റെ നന്മയിലൂടെ മജീദിന് മരണമില്ല. എക്കാലവും മജീദിനെ കേരളമോര്‍ക്കും.തൃശൂര്‍ കൊടുങ്ങല്ലൂര്‍ പേ ബസാര്‍ എറിയാട് വില്ലേജില്‍ ചേറാടിയില്‍ കുഞ്ഞുമൊയ്ദീന്റെ മകനായ സി.കെ. മജീദ് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും മത്സ്യതൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയും കൂടിയാണ്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയുമായുള്ള ഔദ്യോഗിക ചര്‍ച്ചയ്ക്കായാണ് ഏപ്രില്‍ 16ന് മജീദ് തിരുവനന്തപുരത്തെത്തിയത്. ലോക് ഡൗണ്‍ സമയത്ത് മത്സ്യതൊഴിലാളികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അറിയിച്ച് ഇളവ് നേടാനാണെത്തിയത്. ചര്‍ച്ച കഴിഞ്ഞുള്ള യാത്രയില്‍ തിരുവനന്തപുരം പള്ളിപ്പുറത്തിനടുത്തുവച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മജീദ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മയും കെ.കെ ഷൈലജ ടീച്ചറും ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടുകയും ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും ഇന്നലെ (ഏപ്രിൽ 20) മസ്തിഷ്‌ക മരണമടയുകയായിരുന്നു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി രാത്രി 10.07ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും മുന്നോട്ട് വരികയായിരുന്നു. ‘പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തില്‍ ഏറ്റവും അവശതയനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് മജീദിക്ക. ജീവിത ശേഷവും ആര്‍ക്കെങ്കിലും ഗുണകരമായ രീതിയില്‍ മാറ്റിയെടുക്കണം. സാമൂഹ്യ സമുദായ പശ്ചാത്തലം ഒന്നും നോക്കാതെയാണ് അവയവദാനത്തിന് മുന്നോട്ട് വരുന്നത്. മജീദ്ക്കായ്ക്ക് നല്‍കാനുള്ള കുടുംബത്തിന്റെ ഏറ്റവും വലിയ ആദരവാണിത്’ എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Exit mobile version