കോവിഡ് 19: ഇന്ത്യക്ക് മാതൃകയായി കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ്

163

കൊടുങ്ങല്ലൂർ :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായി കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ്. വൈറസ് സാമൂഹ്യ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പിഎംഎവൈ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് നൽകിയ ടെലി കൗൺസിലിങ്ങിനെയാണ് കേന്ദ്രസർക്കാർ മികച്ച മാതൃകയായി വിലയിരുത്തിയത്. പിഎംഎവൈ പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്ന നഗരസഭാ പരിധിയിലെ 1149 ഗുണഭോക്താക്കൾക്കാണ് ടെലി കൗൺസിലിംഗ് നൽകിയത്. ഓരോരുത്തരെയും ഫോണിൽ വിളിച്ച് കോവിഡ് കാലത്തെ പ്രശ്‌നങ്ങൾ അന്വേഷിക്കുകയും പരിഹാരം നിർദേശിക്കുകയും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുകയും ചെയ്യുക എന്നതായിരുന്നു ഇതുവഴി അവലംബിച്ചത്. ടെലി കൗൺസിലിംഗ് നടത്തുന്നതിനായി പ്രത്യേക കോൾ സെന്റർ നഗരസഭയിൽ തയ്യാറാക്കിയിരുന്നു. ഇതിന്റെ ചിത്രവും വാർത്തയും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തു കൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന അർബൻ വിഭാഗം കൊടുങ്ങല്ലൂരിനെ അഭിനന്ദിച്ചത്.കേരളത്തിലെ പിഎംഎവൈയുടെ നോഡൽ ഏജൻസിയായ കുടുംബശ്രീ മിഷന്റെ നിർദ്ദേശപ്രകാരമാണ് ഗുണഭോക്താക്കൾക്ക് സഹായമെത്തിക്കാൻ നഗരസഭ തീരുമാനിച്ചത്. അതിനായി നഗരസഭയിലെ പിഎംഎവൈ സോഷ്യൽ ഡെവലപ്‌മെൻറ് അസിസ്റ്റൻറ് അരുണിന്റെ നേതൃത്വത്തിൽ അഞ്ചു പേരടങ്ങുന്ന ഒരു ടീമിനായിരുന്നു ടെലി കൗൺസിലിംഗ് ചുമതല. പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് സൗജന്യമായി മരം നൽകുന്നതിന് നഗരസഭ സജ്ജീകരിച്ച അംഗീകാർ നഴ്‌സറിയ്ക്കും കേന്ദ്ര അംഗീകാരം ലഭിച്ചിരുന്നു.

Advertisement