കാട്ടൂർ :ലോകം മുഴുവൻ കൊറോണ വ്യാപിച്ച സാഹചര്യത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൻ മൂലം എല്ലാ ആഘോഷങ്ങളും സ്വമേധയാ ഒഴിവാക്കിയിരിക്കുകയാണ് പൊതു സമൂഹം.ഈസ്റ്റർ ദിനത്തിന്റെ എല്ലാ വിശുദ്ധിയും ഉൾക്കൊണ്ട് ആ ദിനത്തിൽ കമ്മ്യൂണിറ്റി കിച്ചനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിലേക് തങ്ങളാൽ ആവുന്ന സഹായം ചെയ്തുകൊണ്ട് കടന്ന് വന്നിരിക്കുകയാണ് കാട്ടൂർ മണ്ണങ്കാട് ഫാത്തിമ നാഥ പള്ളിയിലെ പാരിഷ് ബുള്ളറ്റിൻ അംഗങ്ങൾ.ഈസ്റ്റർ-വിഷു ദിനങ്ങളിലെ ആഘോഷങ്ങൾ ഒഴിവാക്കപ്പെടേണ്ടത് ആണെങ്കിലും ഉറ്റവരും,ഉടയവരും, ആശ്രിതരെയും കാണാൻ പോലും ആകാതെ ഒറ്റപ്പെട്ട് കഴിയുന്ന അതിഥി തൊഴിലാളികൾക്കും സ്വയം പാചകം ചെയ്ത് കഴിക്കാൻ ആകാത്ത സാഹചര്യത്തിൽ കഴിയുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ള മലയാളികൾക്കും കമ്മ്യൂണിറ്റി കിച്ചനിലൂടെ നൽകുന്ന ആഹാരത്തിൽ ഈ വിശേഷ ദിനങ്ങളിൽ സ്‌പെഷ്യൽ ഭക്ഷണം നൽകണം എന്ന പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷിന്റെ ആഗ്രഹത്തിനാണ് ഇവർ സഹായഹസ്തങ്ങൾ നീട്ടിയത്.നാളെ ഉച്ചക്ക് 120 ഓളം പേർക്ക് നൽകുന്ന ചിക്കൻ ബിരിയാണിയിലേക്ക് വേണ്ട ചിക്കനും അനുബന്ധ സാധനങ്ങളും ആണ് ഇന്ന് പാരിഷ് ബുള്ളറ്റിൻ അംഗങ്ങൾക്ക് വേണ്ടി ട്രഷറർ ജോൺസൺ, ചീഫ് എഡിറ്റർ രഞ്ജി എം.ആർ,കമ്മിറ്റി അംഗം സാബു തോംസൺ എന്നിവർ എത്തിച്ചു നൽകിയത്.സാമൂഹിക കിച്ചനിൽ നാളത്തെ ബിരിയാണിയിലേക്ക് വേണ്ട അരിയും സാധനങ്ങളും നൽകിയത് മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ല സ്വദേശിയും വർഷങ്ങളായി കുടുംബത്തോടൊപ്പം കാട്ടൂരിൽ സ്ഥിരതാമസമാക്കിയ ഇപ്പോൾ കാട്ടൂർകാരിൽ ഒരാളായി മാറിയ സംബാജി എന്ന ബാബു സേട്ട് ആണ്.ബാസ്റ്റാന്റിൽ കമ്മ്യൂണിറ്റി കിച്ചൻ വളണ്ടിയർമാർ ഭക്ഷണം വിതരണം ചെയ്യുന്ന സമയങ്ങളിൽ സ്ഥിരമായി സഹായിക്കാൻ വരാറുള്ള ബാബു സേട്ട് തന്റെ ആഗ്രഹം സിപിഐഎം ലോക്കൽ സെക്രട്ടറി എൻ.ബി പവിത്രനോട് അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം നാളത്തേക്കും വിഷു ദിനത്തിലും ബിരിയാണി ഒരുക്കുന്നതിന് വേണ്ട സാധനങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകുകയുമായിരുന്നു.തുടർന്ന് ഇന്ന് തന്നെ വേണ്ട സാധനങ്ങൾ വളണ്ടിയർമാർ വഴി കിച്ചനിലേക്ക് എത്തിക്കുകയായിരുന്നു.വിശേഷ ദിവസങ്ങളിൽ നൽകിയ ഈ സ്നേഹ സമ്മാനത്തിന് എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും പ്രസിഡന്റ് ടി.കെ.രമേഷ് അറിയിച്ചു.ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ തുടർ ദിവസങ്ങളിലും ഉണ്ടാകണം എന്നും അദ്ദേഹം അഭ്യർഥിച്ചു.