Home NEWS തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഉപേക്ഷിച്ചു

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഉപേക്ഷിച്ചു

തൃപ്രയാർ :ലോക് ഡൗൺ പശ്ചാത്തലത്തിൽ ആറാട്ടുപുഴ പൂരം വേണ്ടെന്ന് വെച്ചിരിക്കേ തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഇക്കൊല്ലം ഉണ്ടാകില്ല. 30ന് ആരംഭിക്കേണ്ടിയിരുന്ന മകീര്യം പുറപ്പാട് ഏപ്രിൽ 6 ന് ഉത്രം വിളക്ക് ആഘോഷത്തോടെയാണ് സമാപിക്കുക. ഏപ്രിൽ അഞ്ചിനാണ് ആറാട്ടുപുഴ പൂരം നടക്കേണ്ടിയിരുന്നത്.ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ പുറപ്പാട് ദിവസങ്ങളിൽ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകാറുണ്ട്. നടയ്ക്കൽ പൂരം, ബ്ലാഹയിൽ കുളത്തിൽ ആറാട്ട്, പൈനൂർ പാടത്തെ പ്രസിദ്ധമായ ചാലു കുത്തൽ, കുറുക്കൻ വിളി, കുട്ടൻകുളം ആറാട്ട് എന്നീ ചടങ്ങുകൾ വർഷങ്ങളായി തുടർന്നുപോരുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കേ ഈ ചടങ്ങുകളൊന്നും ഇത്തവണ ഉണ്ടാകില്ലെന്ന് തൃപ്രയാർ ദേവസ്വം മാനേജർ കൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ക്ഷേത്രത്തിൽ ഭക്തരുടെ ദർശനവും നിർത്തിവെച്ചിട്ടുണ്ട്.  

Exit mobile version