Home NEWS തൃശൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തൃശൂർ :ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്ന് മടങ്ങി എത്തിയ രോഗബാധിതയായ യുവതിയുടെ ഭർത്താവിനും(32 വയസ്സ്) 21 വയസ്സുളള മറ്റൊരു യുവാവിനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച (മാർച്ച് 26) ലഭിച്ച 46 പരിശോധനഫലങ്ങളിൽ ഈ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം നെഗറ്റീവാണ്. 40 സാമ്പിളുകൾ വ്യാഴാഴ്ച (മാർച്ച് 26) പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 582 പേരുടെ സാമ്പിളുകൾ അയച്ചതിൽ 484 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 68 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13283 ആയി. വീടുകളിൽ 13233 പേരും ആശുപത്രികളിൽ 50 പേരുമാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (മാർച്ച് 26) 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 പേരെ വിടുതൽ ചെയ്തു. 662 പേർ വീടുകളിലെ ക്വാറന്റൈൻ പൂർത്തിയാക്കി.ജില്ലാ കൺട്രോൾ സെല്ലിലേക്ക് 654 അന്വേഷണങ്ങൾ ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ-സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിങ് തുടരുകയാണ്.കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ നഗരസഭ പരിധിയിലുളള അഗതികൾക്ക് ഗവൺമെന്റ് മോഡൽ ബോയ്‌സ്, ഗേൾസ് സ്‌കൂളുകളിലായി താമസ സൗകര്യവും ഭക്ഷണവും ഒരുക്കി. ഇവിടങ്ങളിൽ 286 പേരെ മാറ്റിപാർപ്പിച്ചു. സ്‌ക്രീനിങ്ങിനെ തുടർന്ന് 7 പേരെ ജനറൽ ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. ആവശ്യമെങ്കിൽ അയ്യന്തോൾ സ്‌കൂളിലും ക്യാമ്പ് ആരംഭിക്കുന്നതിന് ക്രമീകരണം ചെയ്യുന്നുണ്ട്. ഗുരുവായൂരിൽ അലഞ്ഞു നടന്നിരുന്ന 139 അഗതികളെ നഗരസഭയുടെ നേതൃത്വത്തിൽ ഗുരുവായൂർ യു പി സ്‌കൂളിൽ ഒരുക്കിയ ക്യാമ്പിൽ പ്രവേശിപ്പിച്ചു. പൂക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും മാതൃ-ശിശു ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ സ്‌ക്രീനിങ്ങിനെ തുടർന്ന് 5 പേരെ ഗുരുവായൂർ ദേവസ്വം ആശുപത്രിയിലേക്കും ഒരാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പും പോലീസും സംയുക്തമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ തൃശൂർ ശക്തൻ മാർക്കറ്റിലെ പ്രവേശനം ഒരു കവാടത്തിലൂടെ മാത്രമായി ചുരുക്കി. മാർക്കറ്റിലെ 400 പേരെ പരിശോധനയ്ക്ക് വിധേയമാക്കുകയും കൈ കഴുകാനുളള സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നുളള ലോറി ഡ്രൈവർമാരെയും ക്ലീനർമാരെയും സ്‌ക്രീനിങ്ങിന് വിധേയരാക്കി.

Exit mobile version