Home NEWS കോവിഡ് 19: വാര്‍ഡ് തലത്തില്‍ കമ്മ്യുണിറ്റി ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

കോവിഡ് 19: വാര്‍ഡ് തലത്തില്‍ കമ്മ്യുണിറ്റി ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഇരിങ്ങാലക്കുട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹ വ്യാപനം തടയുന്നതിന് വാര്‍ഡ് തലത്തില്‍ കമ്മ്യുണിറ്റി ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ അടിയന്തിര മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വീഡിയോ കോണ്‍ഫ്രറന്‍സിങ്ങിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ പരിധിയിലെ വീടുകളില്‍ ഉള്ളവരുടെ വിവര ശേഖരണം നടത്തും. ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്ക് ഇരുപത്തിയഞ്ചു വീടുകളുടെ ചുമതല നല്‍കിയാകും വിവര ശേഖരണം നടത്തുക. വിദേശത്തു നിന്നും മടങ്ങി വന്നവരുടെയും, അറുപതു വയസ്സു കഴിഞ്ഞവരുടെയും പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. വാര്‍ഡുതലത്തില്‍ സാനിറ്റൈസേഷന്‍ കമ്മറ്റികള്‍ അടിയന്തിരമായി വിളിച്ചു ചേര്‍ക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ അടുത്തഘട്ടമായ സമൂഹ വ്യാപനം തടയുന്നതിന് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുകയും, സമ്പര്‍ക്ക നിയന്ത്രണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായി വൈദ്യ സഹായം എത്തിക്കുകയും വേണമെന്ന് യോഗത്തില്‍ പങ്കെടുത്തിരുന്ന ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ മിനി മോള്‍ ചൂണ്ടക്കാട്ടി. സമ്പര്‍ക്ക നിയന്ത്രണത്തില്‍ കഴിയുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ വീഡിയോ കോണ്‍ഫ്രറന്‍സിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇതിനായി 9446464046 എന്ന നമ്പറില്‍ ബന്ധപ്പെടണം. നഗസഭ ആരോഗ്യ വിഭാഗത്തിന്റെ നേത്യത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍, ബ്രെയ്ക്ക് ദ ചെയിന്‍ പരിപാടിയുടെ ഭാഗമായി സാനിറ്റൈസറുകളും കിയോസ്‌കുകളും സ്ഥാപിക്കല്‍, പൊതുവായ സ്ഥലങ്ങളില്‍ ശുചീകരണ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കല്‍ എന്നിവ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്നതായി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്‍. സജീവ് കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോത്തില്‍ അധ്യക്ഷത വഹിച്ചു.കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി യോഗങ്ങളില്‍ വീഡിയോ കോണ്‍ഫ്രറന്‍സ് മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കമെന്ന് വീഡിയോ കോണ്‍ഫ്രറന്‍സില്‍ സംസാരിച്ച പ്രതിപഭ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു

Exit mobile version