Home NEWS കോവിഡേ, വിട. കരുതലായി ക്രൈസ്റ്റ് എന്‍ജിനീയറിങ്ങ് കോളേജിന്റെ അണുനാശിനികള്‍

കോവിഡേ, വിട. കരുതലായി ക്രൈസ്റ്റ് എന്‍ജിനീയറിങ്ങ് കോളേജിന്റെ അണുനാശിനികള്‍

ഇരിങ്ങാലക്കുട :സംസ്ഥാനമൊട്ടാകെ ഭീതി പടര്‍ത്തി കൊണ്ടിരിക്കുന്ന കോവിഡ് 19 നു എതിരായ സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിംങ്ങ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ഹാന്റ് സാനിറ്ററൈസറുകളും ലിക്വിഡ് സോപ്പുകളും നിര്‍മ്മിച്ചു കൊണ്ടാണ് കോവിഡ് 19 നു എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോളേജ് തങ്ങളുടെ സാന്നിധ്യമറിയിക്കുന്നത്. കോളേജിലെ രസതന്ത്ര വിഭാഗം തലവനായ പ്രൊഫ. ജോണ്‍ സാറിന്റെ നേതൃത്വത്തില്‍ ഒരു പറ്റം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ഒരാഴ്ച്ച കൊണ്ട് തയ്യാറാക്കിയത് 10 ലിറ്ററോളം സാനിറ്റൈസറുകളും 15 ലിറ്ററോളം ഹാന്റ് വാഷുകളുമാണ്. മേല്‍പ്പറഞ്ഞ അണുനാശിനികളെല്ലാം, നിര്‍ധനരായ സമീപവാസികള്‍ക്കും ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ആശുപത്രിയിലെ രോഗികള്‍ക്കുമായി MLA ശ്രീ അരുണ്‍ മാസ്റ്റര്‍ തിങ്കളാഴ്ച്ച വിതരണം ചെയ്തു. കാലത്ത് 11.30 ന് ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. മിനിമോള്‍ ,ഇരിങ്ങാലക്കുട MLA അരുണ്‍ മാസ്റ്റര്‍ , ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് എക്‌സി. ഡയറക്ടര്‍ റവ.ഫാ. ജോണ്‍ പാലിയേക്കര, ജോയന്റ് ഡയറക്ടര്‍ റവ.ഫാ ജോയ് പയ്യപ്പിള്ളി, പ്രിന്‍സിപ്പാള്‍ ഡോ. സജീവ് ജോണ്‍ , വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. ഡി ജോണ്‍ , പി. ആര്‍. ഒ ശ്രീ.ഹിന്‍സ്റ്റണ്‍ സേവ്യര്‍, മെക്കാനിക്കല്‍ വിഭാഗം അസി. പ്രൊഫ. പോള്‍ ആലേക്കാടന്‍ ,വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന നാടിനു സാങ്കേതികമായ സഹായം നല്‍കുന്നതില്‍ ക്രൈസ്റ്റ് എന്‍ജിനിയറിങ്ങ് കോളേജ് എന്നും പ്രതിജ്ഞാബധമാണെന്ന് വിതരണോല്‍ഘാടനം നടത്തിയ MLA ശ്രീ. അരുണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രതിബന്ധതയുളള സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള കോളേജിന്റെ പ്രാഥമിക ചുവട് വെയ്പ്പുകളാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് റവ. ഫാ. ജോണ്‍ പാലിയേക്കര , തന്റെ ആശംസാ പ്രസംഗത്തില്‍ കൂട്ടി ചേര്‍ത്തു. കോവിഡിനെതിരായ ബ്രേക്ക് ദി ചെയ്ന്‍ ക്യാമ്പെയിനിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ SSLC , പ്ലസ് ടു പരീക്ഷകളെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്കുമായി ക്ലീനിങ്ങ് കിയോസ്‌കുകള്‍ വരും ദിവസങ്ങളില്‍ സ്ഥാപിക്കുമെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന കോളേജ് പ്രിന്‍സിപ്പാള്‍ , ഡോ. സജീവ് ജോണ്‍ അറിയിച്ചു. കൃത്യമായ സമയത്ത് ആവശ്യാനുസരണം സാനിറ്ററൈഡറുകളും മറ്റു അണു നാശിനികളും സൗജന്യമായി കൈമാറിയതിനു , ഗവ. ആശുപത്രി സൂപ്രണ്ടഡന്റ് ഡോ.മിനിമോള്‍ കോളേജിന് നന്ദി പറഞ്ഞു.

Exit mobile version