ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് തെക്കന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകനുള്ള പുരസ്‌കാരം പുതുക്കാട് പ്രജോതി നികേതന്‍ കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപികയായ ഡോ. ഇ. സന്ധ്യക്ക് സമ്മാനിക്കും. അധ്യാപന ഗവേഷണ രംഗത്തെ മികവും സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നു ലഭിച്ച ഇരുപത്തിരണ്ട് നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഡോ. ഇ. സന്ധ്യ തിരഞ്ഞെടുക്കപ്പെട്ടത്. ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍, കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍, പ്രശസ്ത കവിയും നിരൂപകനുമായ പ്രൊഫ. കെ സച്ചിദാനന്ദന്‍, ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍, കോളേജ് പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ഡോ. എം ഉസ്മാന്‍, അമല മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി എന്നിവരുള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ക്രൈസ്റ്റ് കോളേജില്‍ വച്ച് ചൊവ്വാഴ്ച രാവിലെ 10. 30 ന് നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ തൃശൂര്‍ എം പി ടി എന്‍ പ്രതാപന്‍, കാലിക്കറ്റ് സര്‍വകലാശാല കണ്ട്രോളര്‍ ഓഫ് എക്‌സാമിനാഷന്‍ ഡോ. ബാബു സി സി എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശസ്ത നിരൂപകന്‍ പ്രൊഫ. എം കെ സാനു ഡോ. ഇ സന്ധ്യക്ക് പുരസ്‌കാരം സമ്മാനിക്കും.