Home NEWS എയ്‌റോബിക് കമ്പോസ്റ്റ് ബിന്‍ യൂണിറ്റും, മെറ്റീരിയല്‍ കളക്ഷന്‍ സെന്ററും ഉദ്‌ഘാടനം നിർവഹിച്ചു

എയ്‌റോബിക് കമ്പോസ്റ്റ് ബിന്‍ യൂണിറ്റും, മെറ്റീരിയല്‍ കളക്ഷന്‍ സെന്ററും ഉദ്‌ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട: നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വമിഷന്‍, സ്വച്ഛഭാരത് മിഷന്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന സമഗ്രമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ള എയ്‌റോബിക് കമ്പോസ്റ്റ് ബിന്‍ യൂണിറ്റും, മെറ്റീരിയല്‍ കളക്ഷന്‍ സെന്ററും തൃശൂർ എം .പി ടി .എൻ പ്രതാപൻ ഉദ്‌ഘാടനം നിർവഹിച്ചു .നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു . ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായും പ്രക്യതി സൗഹ്യമായും സംസ്‌കരിക്കുന്നതിന് തുമ്പൂര്‍മുഴി മോഡലിലുള്ള എയ്‌റോബിക് ബിന്‍ കമ്പോസ്റ്റിങ്ങ് സംവിധാനമാണ് ട്രഞ്ചിങ്ങ് ഗ്രൗണ്ടിനു സമീപമുള്ള ഗാന്ധിനഗര്‍ ഗ്രീന്‍പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഫെറോ സിമന്റ് സ്ലാബ്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള 14 ബിന്നുകളാണ് ഈ യൂണിറ്റില്‍ ഉള്ളത്. പ്രതിദിനം ഒരു ടണ്‍ ജൈവ മാലിന്യങ്ങള്‍ ഇവിടെ സംസ്‌കരിച്ച് കമ്പോസ്റ്റാക്കി മാറ്റുവാന്‍ കഴിയും. പതിനൊന്നു ലക്ഷത്തി രണ്ടായിരത്തി അറുന്നൂറ്റി എഴുപത്തിയെട്ടു രൂപ ചിലവഴിച്ച പദ്ധതി രൂപകല്‍പ്പന നടത്തിയിട്ടുള്ളത് ഐ. ആര്‍. ടി. സി. യാണ്. ഹരിത കര്‍മ്മ സേന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നതിനും പുനചക്രമണത്തിനുമായി കൈമാറുന്നതിനു വേണ്ടി വേര്‍തിരിച്ച് സംഭരിക്കുന്നതിനാണ് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ ഒരുക്കിയിട്ടുള്ളത്. നാലു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഇരിങ്ങാലക്കുട നഗരം മാലിന്യ മുക്തമാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഒരു കോടി മുപ്പതു ലക്ഷം രൂപയുടെ പദ്ധതികളാണ് നഗരസഭ നടപ്പിലാക്കി വരുന്നത്. ഇതില്‍ 58.3 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും 41.7 ശതമാനം നഗരസഭാ വിഹിതവുമാണ്. പദ്ധതിയില്‍ ഉള്‍പ്പെട്ട ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയും പ്ലാന്‍ ഫണ്ടില്‍ നിന്നും അന്‍പതു ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന വിന്‍ഡ്രോകമ്പോസ്റ്റ് പ്ലാന്റിന്റെ നിര്‍മാണവും ആരംഭിച്ചു .നഗരസഭ സെക്രട്ടറി കെ .എസ് അരുൺ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാൻ പി. എ. അബ്ദുള്‍ ബഷീര്‍ ആമുഖ പ്രസംഗം നടത്തി ,മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍,നഗരസഭ മുൻ ചെയർമാൻ എം .പി ജാക്സൻ , മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സോണിയ ഗിരി , എം. ആര്‍. ഷാജു, എം. അഡ്വ വി. സി. വര്‍ഗീസ്, ബിജുലാസർ ,എം .സി രമണൻ ,IRTC ഡയറക്ടർ ഡോ എസ് ശ്രീകുമാർ ,ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ശുഭ എസ്,ഹരിത കേരള മിഷൻ പി .എസ് ജയകുമാർ ,മുനിസിപ്പൽ എഞ്ചിനീയർ രാജ് .ജെ .ആർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു . വാർഡ് കൗൺസിലർ എം .ആർ ഷാജു സ്വാഗതവും ഹെൽത്ത് സൂപ്പർ വൈസർ ആർ സജീവ് നന്ദിയും പറഞ്ഞു

Exit mobile version